കണ്ണൂർ : അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി മാത്രമല്ല, അക്കാദമിക് അറിവും കഴിവും പരിഗണിക്കപ്പെടണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപക ദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രധാനമാറ്റങ്ങളുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. സംഘടനകളുടെ യോഗങ്ങളിൽ ഇനി വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും ഉന്നയിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കണ്ണൂർ ജവഹർ ഹാളിലായിരുന്നു ഉദ്ഘാടനം.
വിദ്യാഭ്യാസമേഖലയെ സമൂലം അഴിച്ചു പണിയുമെന്ന സൂചനയാണ് മന്ത്രി നൽകിയത്. അക്കാദമിക് മികവ് മെച്ചപ്പെടുത്തിനുള്ള കർശനമായ ശ്രമങ്ങൾക്ക് സർക്കാർ തുടക്കം കുറിക്കുമെന്ന പ്രഖ്യാപനം കൂടിയായി മന്ത്രിയുടെ പ്രസംഗം. കുട്ടികൾക്ക് മികച്ച പരിശീലനം ഉറപ്പാക്കിയേ തീരൂ എന്ന് കർശനമായി ആവശ്യപ്പെട്ടു.
സ്കൂളുകൾക്ക് ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള സമപ്രായക്കാരായ കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള ശേഷി കൈവരിക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം എന്ന് നിർവചിക്കപ്പെട്ടെങ്കിലും ആ നേട്ടത്തിലെത്താൻ ഇനിയും കടമ്പകൾ താണ്ടേണ്ടി വരും എന്ന് സർക്കാർ കണക്കിലെടുക്കുന്നു.
ഇപ്പോഴും ഇംഗ്ലീഷ് പഠനത്തിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ കൃത്യമായ നടപടിയെടുക്കുമെന്ന സൂചന മന്ത്രിയുടെ വാക്കുകളിലുണ്ട്. ഇതു മനസിലാക്കിയാണ് മലയാളം അധ്യാപകൻ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സാഹചര്യം മാറിയേ തീരൂ എന്ന് മന്ത്രി വ്യക്തമാക്കിയത്.
സ്കൂളുകളിലെ അധികാരഘടന ഉടച്ചുവാർക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഒരു സ്കൂളിന് ഒരു പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും മതിയെന്ന പ്രഖ്യാപനം മന്ത്രി നേരത്തെതന്നെ നടത്തിയിരുന്നു. പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും വെവ്വേറെ ഓഫീസുകളിലിരുന്ന് സ്കൂളും സ്കൂൾ ഭരണവും നിയന്ത്രിക്കുന്നത് ഒട്ടേറെ ആശയക്കുഴപ്പങ്ങളും മറ്റു ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്.
ഹയർ സെക്കൻഡറിയും ഹൈസ്കൂൾ വിഭാഗവും ഒരുമിച്ചു പ്രവർത്തിക്കുന്ന സ്കൂളുകളിൽ, ഓഫീസ് സ്റ്റാഫിൻ്റെ സേവനം പ്രിൻസിപ്പലിന് കിട്ടുന്നില്ല എന്ന സാഹചര്യവുമുണ്ട്. ഒന്നിലധികം അധികാരകേന്ദ്രങ്ങൾ നിലനിൽക്കുന്നത് സ്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനമില്ലാതെയാക്കും എന്ന വസ്തുത സർക്കാർ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് മന്ത്രി നൽകുന്ന ഉറപ്പ്.
അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 ആക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കൊല്ലം നടപ്പിലായില്ലെങ്കിലും വരും വർഷങ്ങളിൽ അക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് വി ശിവൻകുട്ടി ഉറപ്പു നൽകി.