ദൽഹി : കർഷകപ്രക്ഷോഭത്തിൻ്റെ വാർഷികമായ നവംബർ 26ന് രാജ്യമൊട്ടാകെ പടുകൂറ്റൻ റാലികൾ സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി തീരുമാനിച്ചു. ലഖിംപൂർ കൂട്ടക്കൊലയുടെ വാർഷിക ദിനമായ ഒക്ടോബർ 3 കരിദിനമായി ആചരിക്കും. ഭാവിയിലെ പ്രവർത്തനങ്ങൾക്കുവേണ്ടി അവകാശപത്രികയിൽ ഭേദഗതി വരുത്താനും യോഗത്തിൽ ധാരണയായി. 2020 നവംബർ 26ന് ആരംഭിച്ച കർഷക പ്രക്ഷോഭം 2021 ഡിസംബർ 9നാണ് അവസാനിച്ചത്.
എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും മിനിമം താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തുക, പുതിയ വൈദ്യുതി ബിൽ പിൻവലിക്കുക, വിള ഇൻഷ്വറൻസിന് കൃത്യമായ രൂപം നൽകുക, കർഷകർക്ക് പെൻഷൻ നൽകുക തുടങ്ങി ആവശ്യങ്ങൾ കൂടി പ്രക്ഷോഭത്തിൽ ഉൾപ്പെടുത്തും.
ന്യൂദൽഹിയിലെ രകബ്ഗഞ്ജ് ഗുരുദ്വാരയിൽ ചേർന്ന ദേശീയ ജനറൽ ബോഡിയിലാണ് തീരുമാനം. കിസാൻ മോർച്ച നേതാക്കളായ രുൽദു സിംഗ്, തെജീന്ദർ സിംഗ് വിർക്, ഹന്നൻ മൊള്ള, ദർശൻ പാൽ, രാകേഷ് ടിക്കായത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
വരുന്ന സെപ്തംബർ 15 മുതൽ 25 വരെ രാജ്യമൊട്ടാകെ ബ്ലോക്ക് തല കാമ്പയിൻ നടത്തും. അതിനു ശേഷം ജില്ലാതല യോഗങ്ങളും എംപിമാരെ സന്ദർശിക്കലും നടത്തും. കർഷകരുടെ ആവശ്യങ്ങൾ പാർലമെൻ്റിൽ ഉയർത്തുന്നതിന് എംപിമാരുടെ സഹായം അഭ്യർത്ഥിക്കും. നവംബർ 26ന് എല്ലാ സംസ്ഥാനങ്ങളിലും പടുകൂറ്റൻ റാലികൾ സംഘടിപ്പിക്കുകയും ഗവർണർമാർക്ക് നിവേദനം നൽകുകയും ചെയ്യും.
ലഖിംപൂർ സംഭവങ്ങൾക്ക് ഉത്തരവാദികളായ കേന്ദ്രസഹമന്ത്രി അജയ് മിശ്ര തേനിയെയും പിതാവിനെയും അറസ്റ്റ് ചെയ്യാനുള്ള സമ്മർദ്ദം ശക്തിപ്പെടുത്തണമെന്ന് യോഗം തീരുമാനിച്ചു. ഒരു വർഷം നീണ്ട സമരത്തിനിടയിൽ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും, പ്രക്ഷോഭത്തിൻ്റെ ഭാഗമായി ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങൾ അവകാശരേഖയിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു.
സംയുക്ത കിസാൻ മോർച്ചയിൽ അടുത്തിടെ ഉണ്ടായ പിളർപ്പിൻ്റെ പശ്ചാത്തലത്തിൽ പുതിയ കോഡിനേഷൻ കമ്മിറ്റിയ്ക്കു രൂപം നൽകും. ഏഴംഗ കമ്മിറ്റിയാണ് കഴിഞ്ഞ കർഷക പ്രക്ഷോഭം നയിച്ചത്. ഈ കമ്മിറ്റി വിപുലീകരിക്കും. അതിനായി 11 അംഗ താൽക്കാലിക കമ്മിറ്റിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. പുതിയ കമ്മിറ്റിയുടെ നിർദ്ദേശം തയ്യാറാക്കി അടുത്ത ജനറൽ ബോഡിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയാണ് താൽക്കാലിക കമ്മിറ്റിയുടെ ദൗത്യം.
സംയുക്ത കർഷക മോർച്ച വിട്ടുപോയവർക്കെതിരെ രൂക്ഷമായ വിമർശനവും യോഗം ഉയർത്തി.