ജയ്പൂർ : വിവാഹദിവസം നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയ വധുവിനെ, അതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ക്രൂര മർദ്ദനത്തിനിരയാക്കിയ ശേഷം, ഖാപ് പഞ്ചായത്ത് കൂടി വധുവിൻ്റെ കുടുംബത്തിന് പത്തുലക്ഷം രൂപ പിഴ ചുമത്തിയെന്ന് പരാതി.
രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീപീഡനത്തിന് കേസെടുത്തെന്ന് പോലീസ് വെളിപ്പെടുത്തി.
അയൽവാസി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് സുഭാഷ് നഗർ സ്റ്റേഷനിൽ നേരത്തെ പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തെത്തുടർന്ന് അയൽവാസിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യം ഭർത്തൃവീട്ടുകാരെ വിവാഹത്തിന് മുമ്പുതന്നെ ധരിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടിയും കുടുംബവും പറയുന്നത്.
രാജസ്ഥാനിലെ സൻസി സമുദായത്തിനിടയിലുള്ള ‘കുകാദി പ്രത’ എന്ന ആചാരത്തിൻ്റെ ഇരയാണ് വധുവെന്ന് മണ്ടൽ പൊലീസ് സൂപ്രണ്ട് സുരേന്ദ്ര കുമാർ വിശദീകരിക്കുന്നു. വിവാഹദിവസം വധുവിനെ നിർബന്ധിതമായി കന്യകാത്വ പരിശോധന നടത്തുന്ന ചടങ്ങാണിത്. ഇതനുസരിച്ച് വിവാഹദിവസം ഉച്ചയ്ക്കു ശേഷം പരിശോധന നടത്തുകയും അതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് വധുവിൻ്റെ പരാതി.
രാത്രി തന്നെ സമീപത്തുള്ള ബഹദു മാതാ ക്ഷേത്രത്തിൽ ഖാപ് പഞ്ചായത്ത് ചേരുകയും ശുദ്ധീകരണാചാരത്തിൻ്റെ ചെലവിനത്തിൽ പത്തു ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബം ഭർത്താവിൻ്റെ കുടുംബത്തിന് നൽകണമെന്ന് തീരുമാനിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.