മാഗ്സസെ പുരസ്കാരം കെ കെ ഷൈലജ ടീച്ചര്‍ നിരസിച്ച സംഭവത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ചര്‍ച്ചയായി പത്മ പുര്സ്കാരം നിരസിച്ച ഇഎംഎസിൻ്റെ നടപടി. സിപിഎം ജനറല്‍ സെക്രട്ടറിയും കേരളാ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസിന് 1992ലായിരുന്നു പത്മവിഭൂഷണ്‍ നിരസിച്ചത്.
”വ്യക്തിപരമായി ഇത്തരം ബഹുമതികള്‍ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു പുരസ്കാരം നിരസിച്ചുകൊണ്ട് ഇഎംഎസ് അന്ന് പറഞ്ഞത്. പുരസ്കാരം സ്വീകരിക്കാന്‍ ഇഎംഎസിന് താല്‍പ്പര്യമില്ലെന്ന് മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ സി പി ഠാക്കൂറിനെ കേരളത്തിലേക്ക് അയച്ചു. പുരസ്കാരം സ്വീകരിക്കില്ലെന്ന് ഇഎംഎസ് ആവര്‍ത്തിച്ചു. ദില്ലിയിലേക്ക് മടങ്ങവേ ഇന്ത്യയുടെ മഹാനായ പുത്രനെന്നായിരുന്നു അന്ന് ഠാക്കൂര്‍ ഇഎംഎസിനെ വിശേഷിപ്പിച്ചത്. പിന്നെയും ഇഎംഎസിനെ പുരസ്കാരം വാങ്ങാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എസ് ബി ചവാനും ഇഎംഎസിനെ വിളിച്ചു. എന്നാല്‍ വ്യക്തിപരമായി ഇത്തരം ബഹുമതികള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇഎംഎസ് വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും പദ്മ പുരസ്കാരം നിരസിച്ചിരുന്നു.