പട്ടാളക്കാരുടെ സിരകളിൽ കൊലവെറി കുത്തിവെച്ച്, അമേരിക്ക ഏൽപ്പിച്ച ദൗത്യം കൂട്ടക്കുരുതിയുടെ ഉന്മാദമാക്കി ആഘോഷിച്ച ഭരണാധികാരിയായിരുന്നു റമോൺ മാഗ്സെസെ. ആയിരക്കണക്കിന് ഹൂക്ക് വിപ്ലവകാരികളെ കണ്ണിൽച്ചോരയില്ലാതെ കൊന്നൊടുക്കിയ ക്രൂരൻ. ഫിലിപ്പൈൻസിൽ ഒഴുകിയ കമ്മ്യൂണിസ്റ്റുകാരുടെ ചോരയുടെ ഗന്ധത്തിൽ മത്തുപിടിച്ച ടൈം മാഗസിൽ മാഗ്സെസെയ്ക്കു സ്തുതിഗീതമെഴുതി… “മാഗ്സെസെയുടെ വിജയം എല്ലാ അർത്ഥത്തിലും അമേരിക്കയുടെ വിജയം”.
കമ്മ്യൂണിസ്റ്റുകാരുടെ കബന്ധങ്ങളിൽ കൈ മുക്കി വിധേയത്വത്തിൻ്റെ വിരലടയാളം പതിപ്പിച്ച വിശ്വസ്തൻ. അതായിരുന്നു എക്കാലത്തും അമേരിക്കയ്ക്ക് മാഗ്സെസെ. ചരിത്രത്തിലെ അതിക്രൂരനായ ഒരു ഭരണാധികാരിയുടെ പേരിലുള്ള പുരസ്കാരം കൈപ്പറ്റാൻ വിസമ്മതിച്ച സിപിഐഎമ്മിൻ്റെ തീരുമാനത്തെ, ചരിത്രപരമായ അബദ്ധമായി വിശേഷിപ്പിച്ച് നിർവൃതി നുകരുന്ന സുന്ദരവിഡ്ഢികൾക്ക് ചരിത്രത്തിൻ്റെ പേരിൽത്തന്നെ നല്ല നമസ്കാരം പറയാം.
1951-ൽ മാത്രം ഫിലിപ്പൈൻസിൽ കൊല്ലപ്പെട്ടത്1386 ഹുക്ക് വിപ്ലവകാരികൾ. അത് രേഖകളിലുള്ള കണക്ക്. കണക്കിൽപ്പെടാതെ കൊല ചെയ്യപ്പെട്ടവർ എത്രയോ മടങ്ങ്. പട്ടാളക്കാരെ അഭിസംബോധന ചെയ്യുമ്പൊഴൊക്കെ അവരെ കൊലവെറിയുടെ ഉന്മാദത്തള്ളലിലെത്തിക്കാൻ പ്രത്യേക വൈഭവമുണ്ടായിരുന്നു, മാഗ്സസെയ്ക്ക്. സൈനികർക്ക് നൽകിയ നാല് എഫ് പ്രമാണം (4F Motto) കുപ്രസിദ്ധമാണ്. കമ്മ്യൂണിസ്റ്റുകാരെ കണ്ടുപിടിക്കുക, കബളിപ്പിക്കുക, വേട്ടയാടുക, കൊന്നുതീർക്കുക. എന്നിട്ട് അവരുടെ നേർക്ക് നിത്യശാന്തിയുടെ കൈമുദ്ര വീശുക. (Find them; Fool them; Fight them; Finish them; then offer them the hand of peace).
മറ്റൊരിക്കൽ മാഗ്സെസെ പട്ടാളക്കാരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു.”(തലസ്ഥാനമായ) മനിലയ്ക്കു ചുറ്റും യഥേഷ്ടം പട്ടാളക്കാരെ നിയോഗിക്കുക. സംശയകരമായ സാഹചര്യത്തിൽ കാണുന്ന ആരെയും പരിശോധിക്കുക. സംശയം തോന്നുന്ന എല്ലാ വീടുകളും റെയിഡു ചെയ്യുക. പ്രവിശ്യയിലെ ഓരോ പട്ടാളക്കാരനും ജാഗരൂകനാക്കണം. എല്ലാ ഹൂക്ക് സങ്കേതങ്ങളും തച്ചു തകർക്കണം. കാൻഡാബയിലെ ചതുപ്പുകളിൽ നിന്ന് എല്ലാ ഹുക്കുകാരെയും പുകച്ചു ചാടിക്കണം. രാജ്യത്താകെ 8000 ഹൂക്കുകളാണുള്ളത്. ഒരു പ്ലാറ്റൂണിന് അഞ്ചെന്ന കണക്കിൽ ഈയാഴ്ച അരുംകൊലയുടെ ആഴ്ചയാക്കി ആഘോഷിക്കാം”
മുരത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായി എഡ്വേർഡ് ലാൻസ്ഡേൽ എന്ന സിഐഎ ഉദ്യോഗസ്ഥൻ വാർത്തെടുത്ത ഒരു ഭരണാധികാരി ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏൽപ്പിച്ച ദൗത്യം കണ്ണിൽച്ചോരയില്ലാതെ പൂർത്തിയാക്കിയതിൻ്റെ ആഹ്ളാദം ഒരിക്കൽപ്പോലും അമേരിക്ക മറച്ചുവെച്ചില്ല. റമോൺ മാഗ്സെസെ അമേരിക്കയുടെ പയ്യനാണെന്നത് ഒരു രഹസ്യമേയല്ലെന്ന് തരംകിട്ടിയപ്പോഴൊക്കെ ഉത്സാഹത്തള്ളിച്ചയോടെ അവർ വെളിപ്പെടുത്തിയിട്ടുമുണ്ട്.
ആദ്യം പ്രതിരോധ മന്ത്രിയും പിന്നീട് പ്രസിഡൻ്റുമായി മാഗ്സെസെയെ വളർത്തിയത് ലാൻസ്ഡേലിൻ്റെ ബുദ്ധിയാണ്. പണവും ആസൂത്രണനിർവഹണവും സിഐഎ വക. ലാൻസ്ഡേൽ തന്നെയായിരുന്നു മാഗ്സെസെയുടെ മാർഗദർശിയും പ്രചരണത്തലവനും. യുഎസ് എംബസിയിലെ കൗൺസിലർ വില്യം ലെയ്സി എല്ലാ ദിവസവും മാഗ്സെസെയെ നേരിൽക്കണ്ട് ഉപദേശ നിർദ്ദേശങ്ങൾ നൽകിയിരുന്നു. “ഏറ്റവും കുപ്രസിദ്ധനായ അമേരിക്കൻ പാവ” എന്ന് വില്യം ജെ പൊമെറോയ് എന്ന അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ട് മാഗ്സെസെ.
ഈ മാഗ്സെസെയുടെ പേരിലുള്ള പുരസ്കാരം വാഗ്ദാനം ചെയ്യപ്പെടുമ്പോൾ കെ കെ ഷൈലജയെപ്പോലൊരു സിപിഐഎം നേതാവ് ജാഗരൂകയാവുക സ്വാഭാവികം. സിപിഐഎമ്മിനും ചിന്തിക്കാനും ആലോചിക്കാനും ഏറെയുണ്ട്. അങ്ങനെയൊരു പരിശോധന നടത്തി, വാഗ്ദാനം വിനയപൂർവം നിരസിക്കാൻ തീരുമാനിച്ചതിനെ പരിഹസിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്.
ഈ പുരസ്കാരം കെ കെ ഷൈലജ ടീച്ചർ സ്വീകരിച്ചിരുന്നെങ്കിലും ടീച്ചറെയും പാർടിയെയും വേട്ടയാടാൻ ആദ്യം ഇറങ്ങുന്നതും ഇക്കൂട്ടർ തന്നെ ആയിരിക്കും. മാഗ്സെസെ ആസൂത്രണം ചെയ്ത കൂട്ടക്കുരുതികൾക്കിരയായ ഹുക്ക് വിപ്ലവകാരികളുടെ തലമുറകളെത്തേടി ഫിലിപ്പൈൻസിലെയ്ക്ക് ലേഖകർ പറന്നു ചെല്ലുമായിരുന്നു. വിപ്ലവകാരികളുടെ ചോരയുടെ പശയുണങ്ങാത്ത ഈ പുരസ്കാരം സ്വീകരിക്കാൻ എങ്ങനെ തോന്നിയെന്ന് കൊടുംക്രൂരതകളുടെ ചോരമരവിപ്പിക്കുന്ന തുടരൻ പരമ്പരകൾ നിരത്തി അവർ ഷൈലജ ടീച്ചറോടും സിപിഎമ്മിനോടും ചോദിക്കുമായിരുന്നു….
എങ്ങനെ വീണാലും സിപിഎം വിരുദ്ധതയുടെ നാലുകാലിൽ നിൽക്കുന്നവർ ഇതും ഇതിലപ്പുറവും ചെയ്യും; പറയും…. പക്ഷേ, പാർടിയ്ക്ക് പാർടിയുടെ വഴിയുണ്ട്.