അജ്ഞാതരായ കൊലയാളികളെയും അവരെ ചൂഴ്ന്ന ദുരൂഹതകളെയും പ്രമേയമാക്കി ഒട്ടേറെ നോവലുകളും കഥകളും എഴുതിക്കൂട്ടിയ അഗതാ ക്രിസ്റ്റിയെ ഒരു കൊലപാതകക്കേസിൽ പ്രതിയാക്കാൻ പറ്റുമോ എന്ന ശ്രമത്തിലാണ് നമ്മുടെ മനോരമ. വരദാചാരിയുടെ തലക്കഥയും ഐഎസ്ആർഒ ചാരക്കേസിലെ ഇക്കിളിപ്പരമ്പരകളും സൃഷ്ടിച്ച എഡിറ്റോറിയൽ തലച്ചോറുകളുടെ പിൻമുറക്കാർ വിചാരിച്ചാൽ എന്താണ് സാധിക്കാത്തത്? അവർ അഗതാ ക്രിസ്റ്റിയെ കൊലക്കേസിൽപ്പെടുത്തും, കോനൽ ഡോയലിനെ പീഡനക്കേസിലും. ലോകപ്രസിദ്ധരായ എഴുത്തുകാരാണെന്നൊക്കെ ഭംഗിയ്ക്കു പറയാമെന്നേയുള്ളൂ. മനോരമയിലെ ഭാവനാശാലികളുടെ കൺവെട്ടത്തു നിൽക്കണമെങ്കിൽ കള്ളു വേറെ കുടിക്കണം.
അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിൽ ഒരു 11 ദിവസത്തെ ദുരൂഹതയുണ്ട്. 1926 ഡിസംബർ 3ന് ഭർത്താവുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ അഗതാ ക്രിസ്റ്റി പിന്നീട് 11 ദിവസം അജ്ഞാതവാസത്തിലായിരുന്നു. പിറ്റേന്ന് സർറേയിലെ ന്യൂലാൻഡ്സ് കോർണറിലെ ചതുപ്പിൽ പകുതി താഴ്ന്ന നിലയിൽ അവരുടെ കാർ പോലീസ് കണ്ടെടുക്കുന്നു. കാറിന്റെ ഹെഡ് ലൈറ്റുകൾ ഓണായിരുന്നു. പിൻസീറ്റിൽ നിന്ന് ബ്രീഫ്കേസും കോട്ടും കണ്ടെടുത്തതോടെ സംഭവത്തിനാകെ ഒരു ഡിറ്റക്ടീവ് നോവലിന്റെ പശ്ചാത്തലമായി. അഗതാ ക്രിസ്റ്റി എവിടെ എന്ന ചോദ്യം എങ്ങും ഉയർന്നു. ആത്മഹത്യ ചെയ്തോ നാടുവിട്ടോ എന്നൊന്നും ആർക്കും ഒരു പിടിയുമില്ല. ജീവിതാവസാനം വരെ ഈ സമസ്യ പൂരിപ്പിക്കാൻ അഗത ക്രിസ്റ്റി തയ്യാറായതുമില്ല.
എ വെരി എല്യൂസീവ് വുമൺ’ എന്ന, അഗത ക്രിസ്റ്റിയുടെ ജീവിതകഥയിലൂടെ ലൂസി വെഴ്സിലി ഈ ദുരൂഹതയ്ക്ക് ഉത്തരം നൽകി. അതേക്കുറിച്ചാണ് മനോരമ ഓൺലൈനിൽ വാർത്ത. അഗത ക്രിസ്റ്റി അപ്രത്യക്ഷയായത് എന്തിന്, കൊലപാതകത്തിനോ കുറ്റവാളിയെ സൃഷ്ടിക്കാനോ?; മർഡർ മിസ്റ്ററി ചുരുളഴിയുമ്പോൾ എന്നാണ് തലക്കെട്ട്. …
മർഡർ മിസ്റ്ററിയുടെ ചുരുളഴിയുന്നത് മനസിലാക്കാം. അത് വാർത്തയാകുന്നതും. പക്ഷേ, അഗത ക്രിസ്റ്റി അപ്രത്യക്ഷയായത് കൊലപാതകം ചെയ്യാൻ എന്ന ധ്വനിയിൽ തലക്കെട്ട് ചമച്ചതിനെന്തു ന്യായീകരണം? ക്ലിക്കു കിട്ടാനുള്ള ആക്രാന്തം മനസിലാക്കാം. എന്നുവെച്ച് ഇങ്ങനെ ചൂണ്ടയെറിയുന്നതൊരു അതിക്രമമല്ലേ…
ആദ്യത്തെ പാരഗ്രാഫിൻ്റെ അവസാന വാചകത്തിൽ ലേഖകൻ വായനക്കാരോട് ഇങ്ങനെ ചോദിക്കുന്നു, “എന്തിനാണ് എഴുത്തുകാരി മാറിനിന്നത്? കൊലപാതകം ആസൂത്രണം ചെയ്യാനോ, സ്വന്തം ഭർത്താവിനെ കൊലപാതകക്കുറ്റം ചാർത്തി അഴിക്കുള്ളിലാക്കാനോ…?”
തലക്കെട്ടിലും ഇൻട്രോയിലും വായനക്കാരോട് ചോദ്യങ്ങളുന്നയിക്കുന്ന രചനാശൈലി, തനി തോന്നിയവാസമാണെന്നാണ് പത്രപ്രവർത്തനപാഠം. കാരണം, ചോദ്യങ്ങൾക്കുത്തരം തേടിയാണ് വായനക്കാർ മാധ്യമങ്ങളെ ആശ്രയിക്കുന്നത്. ഉത്തരം തേടിയെത്തുന്നവരെ ചോദ്യം ചോദിച്ചു വിരട്ടിയാലോ? വായനക്കാർക്കുവേണ്ടി ഉത്തരം കണ്ടെത്തുന്ന ചുമതലയാണല്ലോ മാധ്യമപ്രവർത്തകർ ഏറ്റെടുക്കേണ്ടത്.
കൊലപാതകം ചെയ്യാനാണ് അഗതാ ക്രിസ്റ്റി അപ്രത്യക്ഷയായത് എന്ന സൂചന എ വെരി എല്യൂസീവ് വുമൺ എന്ന ജീവിതകഥയിലെവിടെയെങ്കിലുമുണ്ടോ? ഇല്ലേയില്ല. മനോരമാ സാഹിത്യം മുഴുവനും വായിച്ചാലും ഈ ചോദ്യത്തിനുള്ള വിശദീകരണം പിന്നീടുള്ള പാരഗ്രാഫുകളിലൊന്നിലുമില്ല.
കാറപകടത്തിനുശേഷം, ഓർമ്മ വരുമ്പോൾ താൻ വാട്ടർലൂ റെയിൽവേ സ്റ്റേഷനിലായിരുന്നു എന്നാണ് പിന്നീട് അഗത ക്രിസ്റ്റി തന്റെ ജീവിതകഥയെഴുതിയ ലൂസി വെസ്ലിയോട് വെളിപ്പെടുത്തിയത്. അവിടെ നിന്നും ഹരോഗേറ്റിലേയ്ക്കു പോയതും അവിടെയൊരു മുന്തിയ ഹോട്ടലിൽ തെരേസാ നീൽ എന്ന കള്ളപ്പേരിൽ പത്തു ദിവസം താമസിച്ചതും, ഹോട്ടൽ ജീവനക്കാർ അഗതയെ തിരിച്ചറിഞ്ഞതുമൊക്കെ മനോരമ വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
തിരിച്ചറിഞ്ഞ ശേഷം എന്തു സംഭവിച്ചു… അക്കാര്യമൊന്നും വിശദീകരിച്ചിട്ടുമില്ല.
തങ്ങളുടെ ഹോട്ടലിൽ തെരേസാ നീൽ എന്ന പേരിൽ താമസിക്കുന്നത് അഗത ക്രിസ്റ്റിയാണെന്ന വിവരവുമായി പോലീസിനെ സമീപിച്ചത് ഹോട്ടലിലെ വെയിറ്ററാണ്. (ഓൾഡ് സ്വാൻ എന്ന പേരിൽ ഇന്നുമുണ്ട് ആ ഹോട്ടൽ). വിവരമറിച്ച് അഗതാ ക്രിസ്റ്റിയുടെ ഭർത്താവ് ആർച്ചിബാൾഡ് ക്രിസ്റ്റി പോലീസിനൊപ്പം ഹോട്ടലിലെത്തി. തെരേസാ നീൽ എന്ന ദക്ഷിണാഫ്രിക്കൻ അതിഥിയെക്കാത്ത് അവർ റെസ്റ്റോറന്റിലിരുന്നു. പ്രണയവിവാഹിതരായിരുന്നിട്ടും, പന്ത്രണ്ടു വർഷം ഒരുമിച്ചു ജീവിച്ചിട്ടും, ആർച്ചിയെ കണ്ട അഗതാ ക്രിസ്റ്റി അദ്ദേഹത്തെ തിരിച്ചറിഞ്ഞുപോലുമില്ലത്രേ. അവർക്ക് ആ സമയം അംനീഷ്യ ആയിരുന്നുവെന്നും പിന്നീടീവിവരം ഡോക്ടർമാർ ശരിവെച്ചു എന്നുമൊക്കെയാണ് കഥ.
പക്ഷേ, അവിടെയെങ്ങും മനോരമ പറയുന്ന കൊലപാതക ആസൂത്രണത്തിന്റെ വിവരങ്ങളില്ല. എന്തിന് മനോരമ പ്രസിദ്ധീകരിച്ച കഥയിൽപ്പോലും തലക്കെട്ടിലെ സംഭ്രമജനകമായ ചോദ്യത്തിന്റെ ഉത്തരമില്ല.
വായനക്കാരെ ജിജ്ഞാസയുടെ പരകോടിയിലെത്തിച്ച ഡിറ്റക്ടീവ് നോവലിസ്റ്റ് ഒരു കൊലപാതകം ആസൂത്രണം ചെയ്യാൻ 11 ദിവസക്കാലം അജ്ഞാതവാസത്തിലിരുന്നു എന്നു കേട്ടാൽ, കഥയുടെ ബാക്കിയറിയാനുള്ള ആകാംക്ഷ ആരിലും തികട്ടും. അങ്ങനെ പത്തുപേരെങ്കിൽ, പത്തുപേരെ തെറ്റിദ്ധരിപ്പിക്കാനാണ് അഗത ക്രിസ്റ്റി അപ്രത്യക്ഷയായത് എന്തിന്, കൊലപാതകത്തിനോ കുറ്റവാളിയെ സൃഷ്ടിക്കാനോ? എന്ന ചോദ്യം.