തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറി. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ
ചെയ്യും. എം ബി രാജേഷ് രാജി വച്ചതോടെ താല്കാലികമായി ഡെപ്യൂട്ടി സ്പീക്കറാകും ചുമതലകള്‍ നിര്‍വഹിക്കുക. എന്‍ ഷംസീറിനെ പുതിയ സ്പീക്കറായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന് ചുമതലയേറ്റതോടെയാണ് പകരം എം ബി രാജേഷ് മന്ത്രിസഭയിലെത്തുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ചുമതലയും കഴിവിൻ്റെ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുമെന്നായിരുന്നു എം ബി രാജേഷ് പ്രതികരിച്ചത്.
സ്പീക്കര്‍ എന്ന നിലയിലെ അനുഭവം വളരെ വിലപ്പെട്ടതായി കണക്കാക്കുന്നു. വലിയ പാരമ്പര്യമുളള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് നീതി പുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. കേരള നിയമസഭ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സഭകളിലൊന്നാണ്. കഴിഞ്ഞ ഒരു വര്‍ഷം 61 തവണയാണ് കേരള നിയമസഭ സമ്മേളിച്ചത്. സഭകള്‍ എന്നതിന് അപ്പുറം പാര്‍ലമെന്റിനേക്കാള്‍ കൂടുതല്‍ തവണ സമ്മേളിച്ചു. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചകളും സംവാദങ്ങളുടെ നിലവാരവും ഉളളടക്കവും കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെയുളള ഒരു സഭയുടെ സ്പീക്കറാവുക എന്നത് വിലപ്പെട്ട അനുഭവമാണെന്നും എം ബി രാജേഷ് പ്രതികരിച്ചിരുന്നു.