പട്ന: ജാർഖണ്ഡിലെ ദിയോഘര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് റൂമില്‍ അതിക്രമിച്ചു കയറി ബിജെപി നേതാക്കൾ. ബിജെപി എംപിമാരുള്‍പ്പടെ ഒമ്പത് പേരാണ് എയർ ട്രാഫിക് കൺട്രോൾ റൂമിൽ അതിക്രമിച്ചു കയറുകയും ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി, ദുബെയുടെ രണ്ട് ആണ് മക്കള്‍, വിമാനത്താവള ഡയറക്ടര്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. എയര്‍ ട്രാഫിക് കണ്ട്രോള് റൂമില്‍ കയറി ചാര്‍ട്ടേര്‍ഡ് വിമാനത്തിന് രാത്രിയില്‍ പറന്നുയരുന്നതിനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഓഗസ്റ്റ് 31-നാണ് സംഭവം നടന്നത്. ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന് രാത്രികാല പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ആയിട്ടില്ല. സൂര്യാസ്തമയത്തിന് അര മണിക്കൂര്‍ മുമ്പുവരെ വിമാന സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ അനുമതിയുള്ളത്.
സുമൻ ആനന്ദ് എന്ന വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്ൻ്റെ പരാതിയിൽ ഈ മാസം ഒന്നിനാണ് ബിജെപി നേതാക്കൾക്കെതിരെ കുന്ദ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുക, അതിക്രമിച്ച് കടക്കുക എന്നി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് എംപിമാരുള്പ്പടെയുള്ളവര് എടിസി മുറിയില്‍ പ്രവേശിക്കുകയും വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെഎംഎം നേതൃത്വം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സമീപിച്ചിട്ടുണ്ട്.