ന്യൂഡൽഹി: നാല് ദിവസത്തിനുള്ളിൽ 1842 കേസുകൾ തീർപ്പാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് ഇക്കാര്യം അറിയിച്ചത്. 1402 കേസുകളും 440 കോടതിമാറ്റം സംബന്ധിച്ച കേസുകളുമാണ് തീർപ്പാക്കിയത്. ഡൽഹിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നതും വിരമിക്കുന്ന അഭിഭാഷകരുടെ സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ പ്രമേയം ഇന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും സംസ്ഥാന ബാർ അസോസിയേഷനുകളും ചേർന്ന് പാസാക്കും.
തൻ്റെ 74 ദിവസത്തെ ഭരണത്തില്‍ കേസുകളുടെ ലിസ്റ്റിംഗ്, അടിയന്തര വിഷയങ്ങളിലെടുക്കേണ്ട പരാമര്‍ശങ്ങള്‍, ഭരണഘടനാ ബെഞ്ചുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുയു ലളിത് ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുക്കുന്ന അവസരത്തില്‍ അറിയിച്ചിരുന്നു.