കർണാടകയിലെ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരനരുവാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചത്. പോക്സോ, പട്ടിക ജാതി-പട്ടിക വർഗ നിയമങ്ങൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. 15 ഉം 16 ഉം വയസുള്ള പെൺകുട്ടികളെ 2019 ജനുവരി മുതൽ 2022 ജൂൺ വരെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. മഠത്തിന് കീഴിലുള്ള സെമിനാരിയിൽ വിദ്യഹാർത്ഥികളായിരുന്ന ഇവരെ ശരനരു തന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തി ലൈംഗീക അതിക്രമം നടത്തിയെന്നാണ് ഇവർ നൽകിയ പരാതി. ആരോപണങ്ങൾ ശരനരു നിഷേധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പിന്തുണയുമായി ബിജെപിയിലെ ഒരുവിഭാഗം പ്രവർത്തകർ നേരത്തെ രംഗത്തെത്തിയിരുന്നു.
ലിംഗായത്ത് സമുദായത്തിലെ പ്രധാന മഠമാണ് ചിത്രദുർഗ നഗരത്തിലെ മുരുഗ മഠ്. 150ലേറെ ആത്മീയ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ മഠത്തിന് കീഴിലുണ്ട്. സംസ്ഥാന ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകൾക്ക് രണ്ടായിരത്തോളം മഠങ്ങളാണ് കർണാടകയിലുള്ളത്.