കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് കനത്ത രാഷ്ട്രീയ പ്രതിഫലനം ഉണ്ടാക്കാന്‍ സാധ്യതയുള്ള സംസ്ഥാനം ഏതായിരിക്കും? നിലവിലെ സാഹചര്യത്തില്‍ അതിന് ഉത്തരം രാജസ്ഥാന് എന്നാണ്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗാന്ധി കുംടുംബത്തിൻ്റെ നോമിനിയായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടി പോകുന്നുവെന്നാണ് നിലവിലെ സൂചനകള്‍. രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളോട് മുഖം തിരിച്ചുനില്‍ക്കുകയാണ് അദ്ദേഹം. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിൻ്റെ ഉറ്റ അനുയായിയായ അശോക് ഗെഹ്ലോട്ടിനെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് തുടരാനാണ് ഗാന്ധി കുടംബം ലക്ഷ്യമിടുന്നത്.
അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്ലോട്ട് മാറുമെന്നതില്‍ മാത്രം അവസാനിക്കുന്നതല്ല രാജസ്ഥാനിലുണ്ടാകാന് പോകുന്ന ചലനങ്ങള്‍. താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെങ്കില്‍ ഗെഹ്ലോട്ട് ചില ഉപാധികള്‍ മുന്നോട്ടുവച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയായി താന്‍ നിര്‍ദേശിക്കുന്നയാളെ നിയോഗിക്കണമെന്നതാണ് ഗെഹ്ലോട്ടിൻ്റെ ആവശ്യം. ഇത് സോണിയാ ഗാന്ധിയെ അദ്ദേഹം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അധ്യക്ഷനായിക്കഴിഞ്ഞാല് അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കാന്‍ ഏതായാലും നിലവിലെ സാഹചര്യത്തില്‍ ഗെഹ്ലോട്ടിന് സാധിക്കില്ല. കാരണം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ അങ്ങനെ ഒരു റിസ്കെടുക്കാന്‍ ഗെഹ്ലോട്ടിനെ ഗാന്ധി കുടുംബം അനുവദിക്കുകയില്ല. ഇത് തിരിച്ചറിഞ്ഞാണ് താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ഗെഹ്ലോട്ടിൻ്റെ ഡിമാന്‍ഡ്. തന്റെ അനുയായിയെ മുഖ്യമന്ത്രിയാക്കുക മാത്രമല്ല ഗെഹ്ലോട്ട് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് . സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് അകറ്റുകയെന്ന ലക്ഷ്യവും ഗെഹ്ലോട്ടിനുണ്ട്.
സച്ചിന് പൈലറ്റും ഗെഹ്ലോട്ടും തമ്മില്‍ 2018 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ശീതസമരം ആരംഭിച്ചതാണ്. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയായിരുന്നു ശീതസമരം. അതിന് പല പരിണാമങ്ങളും ഉണ്ടായി. സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതും പാര്‍ട്ടിയിലെ സച്ചിന് അനുകൂലികളെ സ്ഥാനത്ത് നിന്ന് നീക്കിയതും ഈ ശീതസമരത്തിന്റെ തുടര്‍ച്ചയായിരുന്നു. അങ്ങനെ ഒടുവില്‍ സച്ചിന് പൈലറ്റിന് പാര്‍ട്ടി പുറത്തേക്ക് കാലെടുത്തു വച്ചതുമാണ് . ഒരുപിടി എംഎല്‍എമാരുമായി രാജസ്ഥാന് വിട്ട് ഹരിയാനയിലെത്തിയ സച്ചിനെ പ്രിയങ്ക ഗാന്ധിയായിരുന്നു അന്ന് അനുനയിപ്പിച്ച് തിരികെയെത്തിച്ചത്. അര്‍ഹമായ പദവി ലഭിക്കുമെന്നായിരുന്നു സച്ചിന് അന്ന നല്കിയ ഉറപ്പ്. എന്നാല്‍ ആ ഉറപ്പ് ഇന്നും നടപ്പിലായിട്ടില്ല. അങ്ങനെ അവഗണന നേരിട്ട് ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്ന സച്ചിന് പൈലറ്റ് 2023 തെരഞ്ഞെടുപ്പിലൂടെയെങ്കിലും തന്റെ ആഗ്രഹം സഫലീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷയ്ക്കാണ് ഗെഹ്ലോട്ട് വീണ്ടും ചെക്ക് വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സച്ചിന് പൈലറ്റിനെ തൃപ്തനാക്കുകയില്ല. ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷനായിക്കഴിഞ്ഞാല് പിന്നെ തൻ്റെ അവകാശവാദത്തിന് എത്രത്തോളം പരിഗണന ലഭിക്കുമെന്നതിനെ ആശ്രയിച്ചാകും പാര്‍ട്ടിയിലെ സച്ചിന് പൈലറ്റിൻ്റെ നിലനില്‍പ്പും.