ഹിന്ദു പെൺകുട്ടിയുമായി കൂട്ടുകൂടിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി അക്രമിച്ചു. കർണാടക സുള്ള്യ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥി മുഹമ്മദ് സനിഫാണ് ആക്രമിക്കപ്പെട്ടത്. പത്തൊൻമ്പത് വയസുള്ള മുഹമ്മദ് സാനിഫ് ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.
ഒൻമ്പതംഗ എബിവിപി സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. ഇവരും സുള്ള്യ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥികളാണ്. അക്രമിച്ച എബിവിപി പ്രവർത്തകരായ ദീക്ഷിത്, ധനുഷ്, പ്രജ്വൽ, തനൂജ്, മോക്ഷിത്, അക്ഷയ്, ചരൺ, നിശ്ചയ്, പവൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സാനിഫുമായി സൗഹൃദത്തിലായിരുന്ന സഹപാഠിയായ പല്ലവിയോട് ഇവർ സൗഹൃദം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ ആവശ്യം പല്ലവി അംഗീകരിച്ചില്ല.
കഴിഞ്ഞ ദിവസം കോളേജിൽ സാനിഫും പല്ലവിയും സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട എബിവിപി പ്രവർത്തകർ ഗ്രൗണ്ടിൽ വെച്ചാണ് സനിഫിനെ അതി ക്രൂരമായി അക്രമിച്ചത്. മരക്കൊമ്പ് കൊണ്ട് സനിഫിനെ അക്രമിച്ച സംഘം നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇനി സൗഹൃദം തുടർന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.