താജ് മഹലിൻ്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. ബിജെപിയുടെ ആവശ്യത്തെ തുടർന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന ചർച്ച പരാജയപെട്ടു. താജ്ഗഞ്ച് വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലർ ശോഭാറാം റാത്തറാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ‘ചരിത്രപരമായ തെളിവുകൾ’ ഉള്ളതിനാൽ താജ്മഹലിൻ്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
എന്നാൽ ബിഎസ്പി, കോൺഗ്രസ് കൗൺസിലർമാർ ബിജെപിയുടെ ആവശ്യത്തെ എതിർത്തു. ഇരു വിഭാഗവും തമ്മിൽ വാക്കേറ്റമായതോടെ സഭ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. ശവകുടീരത്തെ എങ്ങനെയാണ് മഹൽ എന്നു വിളിക്കാൻ കഴിയുക. താജ് മഹൽ നിൽക്കുന്ന സ്ഥലം രാജാ ജയ് സിങിൻ്റെ ഭരണപ്രദേശമായിരുന്നു. കൂടാതെ ഷാജഹാൻ ചക്രവർത്തിയുടെ പത്നിയുടെ പേര് ചരിത്രത്തിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അർജുമന്ദ് ബാനോ എന്നാണ് പേരെന്നും മുംതാസ് എന്നല്ല. താജ് മഹൽ യഥാർത്ഥത്തിൽ ഒരു ഹൈന്ദവ ക്ഷേത്രമാണെന്നും മുഗൾ അധികാരികൾ അതിനെ കയ്യേറുകയായിരുന്നെന്ന് ചരിത്രകാരനായ പി എൻ ഓക് തൻ്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നും ബിജെപി ഹർജിയിൽ ആരോപിച്ചു.
ആഗ്ര നഗർ നിഗം ബെഞ്ച് ഹർജി തള്ളിയതോടെ വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു. ക്ഷേത്രം തകർത്താണ് താജ്മഹൽ തകർത്തതെന്ന് ആരോപിച്ച് 2022 മെയ് മാസത്തിൽ അലഹബാദ് ഹൈക്കോടതിയിലും ഒരു ഹർജി ഫയൽ ചെയ്തിരുന്നു. കോടതിയെ പരിഹസിക്കുന്നതാണ് ഹർജി എന്നായിരുന്നു കോടതിയുടെ മറുപടി.