തട്ടികൊണ്ട് പോകൽ കേസിൽ പ്രതിയായ ബീഹാർ മന്ത്രി രാജിവെച്ചു. 2014 ലെ കേസിലാണ് നിയമ മന്ത്രി കാർത്തിക് കുമാർ രാജിവെച്ചത്. ഇയാൾ ആർജെഡി എംഎൽയാണ്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് രാജി. പ്രതിഷേധം ശക്തമായതോടെ കാർത്തിക് കുമാറിനെ നിയമ വകുപ്പിൽ നിന്നും മാറ്റി നിർത്തിയിരുന്നു. പകരം കാർത്തിക് കുമാറിന് കരിമ്പ് വ്യവസായത്തിൻ്റെ ചുമതല നൽകി. ഇതോടെയാണ് ബുധനാഴ്ച രാത്രി കാർത്തിക് കുമാർ രാജിവെച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ നിതീഷ് കുമാറിൻ്റെ ജെഡിയു ആർജെഡിയുമായി സഖ്യം ചേർന്നാണ് മഹാസഖ്യ സർക്കാർ രൂപീകരിച്ചത്. സർക്കാർ രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആദ്യ മന്ത്രിയുടെ രാജി. ബീഹാറിൽ ബിജെപി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ മണിപ്പൂരിലും ബിജെപി സർക്കാരിനുള്ള പിന്തുണ ജെഡിയു പിൻവലിച്ചേക്കും. സെപ്റ്റംബർ 3-4 തീയതികളിൽ പാറ്റ്നയിൽ വെച്ച് നടക്കുന്ന ജെഡിയു നാഷണൽ എക്സിക്യൂട്ടിവ് സമ്മേളനത്തിൽ വെച്ചാവും അന്തിമ തീരുമാനമെടുക്കുക.