ഡൽഹി: രാജ്യത്ത് പ്രതിദിനം ശരാശരി 86 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ റിപ്പോർട്ട്. 2021 ൽ ഇന്ത്യയിൽ 31,677 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരെ 49 കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടന്നും രാജ്യത്തെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സർക്കാർ റിപ്പോർട്ട്.
2020ൽ ബലാത്സംഗക്കേസുകളുടെ എണ്ണം 28,046 ഉം 2019-ൽ 32,033 ആയിരുന്നുവെന്ന് എൻസിആർബിയുടെ ‘ക്രൈം ഇൻ ഇന്ത്യ 2021’ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലാണ്. 2020നെ അപേക്ഷിച്ച് കേസുകളിൽ 19 ശതമാനത്തിലധികം വർധനവാണ് രാജസ്ഥാനിലുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം 6,337 കേസുകളാണ് ഈ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നിൽ മധ്യപ്രദേശാണ്. 2,947 കേസുകളാണ് മധ്യപ്രദേശിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര (2,496), ഉത്തർപ്രദേശ് (2,845), ഡൽഹിയിൽ 1,250 ബലാത്സംഗ കേസുകളും 2021ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021ൽ രാജ്യത്തുടനീളം ‘സ്ത്രീകൾക്കെതിരായ 4,28,278 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2020-ൽ 3,71,503 ഉം 2019-ൽ 4,05,326 ഉം ആയിരുന്നു.
ബലാത്സംഗം, കൊലപാതകത്തോടുകൂടിയ ബലാത്സംഗം, സ്ത്രീധനം, ആസിഡ് ആക്രമണം, ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹം, മനുഷ്യക്കടത്ത്, ഓൺലൈൻ പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്. 2021-ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഉത്തർപ്രദേശിലും (56,083), രാജസ്ഥാനിലും (40,738), മഹാരാഷ്ട്രയിലും (39,526),പശ്ചിമ ബംഗാൾ (35,884), ഒഡീഷയിലും 31,352 ആണെന്നും എൻസിആർബി വ്യക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്കിൻ്റെ കാര്യത്തിൽ, 2021 ലെ പട്ടികയിൽ ആസാം (168.3) ഒന്നാം സ്ഥാനത്താണ്. ഡൽഹി (147), ഒഡീഷ (137), ഹരിയാന (119.7), തെലങ്കാന (111.2) എന്നിവയും തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങൾ.