ലോക സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ ഗൗതം അദാനിയുടെ വളർച്ചയിൽ സംശയം പ്രകടിപ്പിച്ച് വിപണി നിരീക്ഷകർ. അദാനി ഗ്രൂപ്പ് കമ്പനികളിലെ അനലിസ്റ്റ് കവറേജിൻ്റെ അഭാവത്തെക്കുറിച്ചും ഷെയർഹോൾഡർ ഘടനകളെക്കുറിച്ചുമാണ് സംശയം നിലനിൽക്കുന്നത്. അദാനി വഴിവിട്ട ബന്ധത്തിലൂടെ പണം സമ്പാദിച്ചതാണോ എന്ന സംശയം ചില നിയമ വിദഗ്ദ്ധർക്കുമുണ്ട്.
അറുപതുകാരനായ അദാനി കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൻ്റെ കൽക്കരി-തുറമുഖ കൂട്ടായ്മ വിപുലീകരിച്ച് ഡാറ്റാ സെന്ററുകൾ മുതൽ സിമന്റ്, മീഡിയ, അലുമിന എന്നിങ്ങനെ എല്ലാ മേഖലയിലും വ്യാപാരം ചെയ്യുന്നുണ്ട്. 2022ൽ മാത്രം അദാനി തൻ്റെ സമ്പത്തിൽ കൂട്ടിച്ചേർത്തത് 60.9 ബില്യൺ ഡോളറാണ്. നേരത്തെ കൽക്കരിയുടെ ഇറക്കുമതിന് തീരുവ നരേന്ദ്ര മോഡി സർക്കാർ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഇത് അദാനിയെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. ലോകത്തിലെ പരിസ്ഥിതി വാദികളും ഗൗതം അദാനിക്കെതിരാണ്.
ഇതാദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്നത്. റിലൈൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മുഖേഷ് അംബാനിക്കോ ചൈനീസ് പൗരൻ ജാക്കിനോ അദാനിയുടെ നേട്ടത്തിനൊപ്പമെത്താൻ സാധിച്ചിട്ടില്ല.