പോക്സോ കേസിൽ വിവാദ ഉത്തരവുമായി ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടും മുമ്പ് പെൺകുട്ടി പ്രായപൂർത്തിയായോ എന്ന് രേഖ പരിശോധിച്ച് ഉറപ്പു വരുത്താനാകില്ലെന്ന് കോടതി. പോക്സോ കേസിൽ പ്രതിക്ക് ജാമ്യം നൽകിയ ഉത്തരവാണ് വിവാദമായത്. ജസ്റ്റിസ് ജസ്മിത് സിങിന്റേതാണ് പരാമർശം.
ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നു. ഈ കേസിലാണ് ഡൽഹി ഹൈക്കോടതി പ്രതിക്ക് ജാമ്യം നൽകിയത്. പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് പ്രതി പണമയച്ചിട്ടുണ്ട്. ഹണിട്രാപ്പാണോ നടന്നതെന്നു സംശയിക്കാമെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പല രേഖകളിൽ പലതാണ് പെൺകുട്ടിയുടെ പ്രായം. ആധാർകാർഡ് പ്രകാരം ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോൾ പ്രായപൂർത്തി ആയിരുന്നെന്ന് വ്യക്തം. അതിനാൽ ഉഭയസമ്മതപ്രകാരമാണ് ശാരീരികബന്ധമുണ്ടായതെന്ന പ്രതിയുടെ വാദത്തിന് ആധാർകാർഡ് തെളിവാണ്. ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡോ പാൻ കാർഡോ സ്കൂൾ രേഖകളോ നോക്കി പ്രായപൂർത്തിയായെന്ന് തീർച്ചപ്പെടുത്തേണ്ട കാര്യമില്ലെന്നും ജഡ്ജി ജസ്മിത് ജിങ് പറഞ്ഞു.