മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയെ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ച് ഭർത്താവ്. ആശുപത്രിയിലെത്തിച്ചിട്ടും അവിടെ ഡോക്ടറോ നഴ്സോ ഇല്ലായിരുന്നെന്ന് ഒരു കിലോമീറ്റർ ദൂരം ഭാര്യയെ ഉന്തുവണ്ടിയിൽ കൊണ്ട് വന്ന കൈലാഷ് അഹിർവാൾ ആരോപിച്ചു. ഉന്തുവണ്ടിയിൽ പൂർണ ഗർഭിണിയായ ഭാര്യയെ കൊണ്ടുവരുന്ന വീഡിയോ വൈറലായതോടെ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാമോ ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെ റാണെ ഗ്രാമത്തിലാണ് സംഭവം നടന്നത്, അഹിർവാൾ ഭാര്യയെ ഉന്തുവണ്ടിയിൽ കയറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സർക്കാരിന്റെയും സ്ഥാപനങ്ങളുടെയും അനാസ്ഥ ചർച്ചയായിരിക്കുകയാണ്.
വീഡിയോ കണ്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും ഹത്തയിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ആർപി കോറി പറഞ്ഞു. ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് നൽകാത്തത് സംബന്ധിച്ച് ബന്ധപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 108 സർക്കാർ ആംബുലൻസിൽ വിളിച്ചെങ്കിലും രണ്ട് മണിക്കൂറോളം ആംബുലൻസ് വന്നില്ലെന്ന് അഹിർവാൾ പറഞ്ഞു. അതിനെ തുടർന്നാണ് ഭാര്യയെ ഉന്തുവണ്ടിയിലെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ അവിടെ നഴ്സോ ഡോക്ടറോ ഉണ്ടായിരുന്നില്ലെന്നും അഹിർവാൾ കൂട്ടിച്ചേർത്തു. പിന്നീട് സർക്കാർ ആംബുലൻസിൽ അവരെ ഹത്തയിലേക്ക് മാറ്റി എന്നാൽ അവിടെ ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് അവരെ ദമോ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇപ്പോൾ മെഡിക്കൽ മേൽനോട്ടത്തിലാണെന്നും അഹിർവാൾ പറഞ്ഞു.