മോസ്കോ: സോവിയറ്റ് യൂണിയൻ മുൻ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസ്സായിരുന്നു. ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. വൃക്ക രോഗത്തിന് ചികിൽസയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആണ് മരണം. സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് ആയിരുന്നു മിഖായേൽ ഗോർബച്ചേവ് . 1985 മുതല്‍ 1991 വരെ സോവിയേറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1999 – ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. 1990-91 കാലയളവിലാണ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായത്.
1952 ല്‍ മോസ്കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്.
1955 ല്‍ ഗോര്‍ബച്ചേവ് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. 1990 ൽ സമാധാനത്തിന് ഉളള നൊബേൽ സമ്മാനം നേടി. പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങൾ അവതരിപ്പിച്ച ആളാണ് മിഖായേൽ ഗോർബച്ചേവ്. പലതവണ വധ ശ്രമങ്ങളൽ നിന്ന് മിഖായേൽ ഗോർബച്ചേവ് രക്ഷപെട്ടിട്ടുണ്ട്. മിഖായേൽ ഗോർബച്ചേവിന്റെ അന്ത്യത്തിൽ ലോകനേതാക്കൾ അനുശോചിച്ചു.