കോൺഗ്രസിൽനിന്ന് രാജിവെച്ച മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദുമായി ജി-23 നേതാക്കൾ കൂടിക്കാഴ്ച നടത്തി. ജി-23 നേതാക്കളായ ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരാണ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഗുലാം നബി ആസാദിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് സൂചന. ഗുലാം നബി ആസാദിനെ പിന്തുണച്ച് ജമ്മുകശ്മീരിൽ 58 കോൺഗ്രസ് നേതാക്കൾ രാജിവച്ചതിന് പിന്നാലെയാണ്, ഗുലാം നബിയുമായി കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗം കൂടിക്കാഴ്ച നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഗുലാം നബിയെ പിന്തുണച്ച് പാർട്ടി വിടുമെന്നും അഭ്യൂഹങ്ങളുണ്ട്.
നേരത്തെ ജി-23 നേതാവായ ആനന്ദ് ശർമയും മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷനും ഗുലാം നബിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഒക്ടോബർ പതിനേഴിന് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജി-23 നേതാക്കളുടെ നടപടിയും പാർട്ടിയിലെ കൂട്ടരാജിയും കോൺഗ്രസിന് തിരിച്ചടിയാകും.