വിപ്ലവനായകൻ ചെ യുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു. ഹവാനയിൽ ചെഗുവേര സ്റ്റഡി സെൻ്ററിൻ്റെ ഡയറക്ടറായിരുന്നുവെങ്കിലും, ചെയുടെ മകൻ എന്ന നിലയിലൊരു വിപുലായ പ്രശസ്തി കാമിലയ്ക്കുണ്ടായിരുന്നില്ല. അദ്ദേഹം അതാഗ്രഹിച്ചിട്ടുമില്ലെന്നു തോന്നുന്നു. മകൾ അലൈഡയെ അറിയുംപോലെ കാമിലോയെ ലോകമറിഞ്ഞില്ല.
ചെ ഗുവേര ബൊളീവിയയിൽ കൊല്ലപ്പെടുമ്പോൾ കാമിലോയ്ക്കു പ്രായം കഷ്ടിച്ച് ഏഴു വയസ്. ലോകത്തിൽ എവിടെയും, ആർക്കെതിരേയും അനീതി കണ്ടാൽ സത്തയുടെ ആഴങ്ങളോളം ശക്തമായി എതിർക്കുക എന്ന വാചകങ്ങളുള്ള പിതാവിൻ്റെ അവസാന കത്തിലെ ഓരോ വരിയും മനപ്പാഠമാക്കി വളർന്ന ബാല്യം. അതുകൊണ്ട് വാക്കിലും ചിന്തയിലും വിശകലനശേഷിയിലും തീപ്പൊരിയ്ക്കു കുറവൊന്നുമുണ്ടായിരുന്നില്ല.
യാഥാർത്ഥ്യബോധത്തിൻ്റെ നെരിപ്പോടിലിട്ട് അദ്ദേഹം ലോകരാഷ്ട്രീയത്തെ വിശകലനം ചെയ്തു. ഒരു വിപ്ലവകാരിയ്ക്കു മാത്രം സാധ്യമായ ദീർഘവീക്ഷണത്തോടെ.
അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഒബാമയുടെ ക്യൂബാ സന്ദർശനം. ശീതയുദ്ധത്തിൻ്റെ പിരിമുറുക്കം നിറഞ്ഞ ഓർമ്മകൾക്ക് ഇടവേള നൽകി, ചരിത്രത്തിൻ്റെ ദീർഘനിശ്വാസം. പ്രതികരണം തേടി ദി ഗാർഡിയൻ ലേഖകൻ കാമിലോയ്ക്കരികിലെത്തി. ഒബാമയും കാമിലോയും ജനിച്ചത് ഏതാണ്ടൊരേ കാലത്താണ്. അറുപതുകളിൽ. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം അതിദീർഘവും അപകടകരവുമായി കൊടുമ്പിരിക്കൊണ്ട കാലത്തിലൂടെയാണ് ഇരുവരും വളർന്നുവന്നത്.
സംഘർഷത്തിന് ഇടവേള നൽകി അമേരിക്കൻ പ്രസിഡൻ്റ് ക്യൂബയിലെത്തുമ്പോൾ ചെഗുവേരയുടെ മകന് പറയാനുള്ളത് കേൾക്കാൻ ലോകം കാതു കൂർപ്പിക്കുക സ്വാഭാവികം.
“ചരിത്രപ്രധാനമായ സന്ദർശനം. വിപ്ലവ ക്യൂബ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റാണ് ഒബാമ”. അങ്ങനെയാണ് ഒബാമയുടെ സന്ദർശനത്തെ കാമിലോ വിശേഷിപ്പിച്ചത്. ആർക്കും പറയാവുന്ന വാചകമാണത്.
ഈ സന്ദർശനത്തെ ഒരവസരമായി കണക്കാക്കണം എന്നു നിരീക്ഷിക്കുമ്പോഴും കാമിലോ ഒന്നു കൂടി പറഞ്ഞു.
“പക്ഷേ, യുഎസ് ഒരു സാമ്രാജ്യമാണ്. മേശയിട്ട് സദ്യയ്ക്കു ക്ഷണിക്കുന്നതല്ല, അവരുടെ സ്വഭാവം. ചരിത്രം മറ്റൊന്നാണ് തെളിയിക്കുന്നത്. മേശയ്ക്കിപ്പുറം ഇരിക്കാനുള്ള ക്ഷണം സ്വീകരിക്കുമ്പോൾ, വിഷം തരാനും പിറകിൽ നിന്നു കുത്താനും സാധ്യതയുണ്ടെന്ന യാഥാർത്ഥ്യം കൂടി അംഗീകരിക്കേണ്ടി വരും. നമുക്കു കാത്തിരിക്കാം”.
സാമ്രാജ്യത്വത്തിൻ്റെ വാഗ്ദാനങ്ങളെ എന്നും ചെഗുവേര അവിശ്വാസത്തോടെയാണ് കണ്ടിരുന്നത് എന്ന് ഓർമ്മിക്കുമ്പോഴും, ക്യൂബയ്ക്ക് അമേരിക്കയെയും സ്വാധീനിക്കാം കഴിയും എന്ന ആത്മവിശ്വാസമായിരുന്നു കാമിലോയ്ക്ക്.
ഒബാമയെ അദ്ദേഹം ഇങ്ങനെ വിലയിരുത്തി. “വ്യക്തിപരമായി എനിക്കദ്ദേഹത്തെ അറിയില്ല. മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങളെ ബുദ്ധിപരവും വൈകാരികവുമായി സമീപിക്കുന്ന പ്രകൃതമാണദ്ദേഹത്തിൻ്റേത്. പക്ഷേ, അദ്ദേഹം തിരഞ്ഞെടുപ്പിലൂടെയാണ് അധികാരമേറ്റത്. വിപ്ലവത്തിലൂടെയല്ല.
എന്നിട്ടദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. “തൊലിയുടെ നിറം ഒരു ഘടകമാണ്. എന്നാൽ പ്രത്യയശാസ്ത്രത്തിൻ്റെ നിറം വേറൊന്നും”.