തിരുവനന്തപുരം: കേരളത്തിൽ മാത്രമാണ് കോൺഗ്രസ് മതേതരത്വം പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവും ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയുമായിരുന്ന ഡൊമിനിക് പ്രസന്റേഷനും കോൺഗ്രസിനെതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
ഇതര സർക്കാരുകളെ ബിജെപി നശിപ്പിക്കുകയാണ്. ഓരോ പാർട്ടിയെയും കോടികൾ കൊണ്ട് ബിജെപി ശിഥിലീകരിക്കുകയാണ്. ദില്ലിയിലും വിലക്കുവാങ്ങൽ രാഷ്ട്രീയം നടക്കുകയാണ്. കേരളത്തിലും ശ്രമം നടക്കുകയാണ്. യുഡിഎഫിനും ബിജെപിക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. വർഗീയതയാണ് അവർ പറയുന്നത്. വികസന പ്രവർത്തനം നടത്തിയാൽ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പ്രതിപക്ഷത്തിന് തെരെഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇതര സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി 5500 കോടി ചെലവഴിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു. എംഎൽഎമാരെ വിലക്കെടുക്കാനാണ് ബിജെപി ഈ പണം ചെലവഴിച്ചതെന്നും കെജ്രിവാൾ വ്യക്തമാക്കി.