മുസ്ലിം സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കാനാകുമോ എന്ന് സുപ്രീംകോടതി പരിശോധിക്കും. ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. ആന്ധ്രയില്‍ നിന്നാണ് ഹരജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 15,16 അനുച്ഛേദത്തിൻ്റെ അടിസ്ഥാനത്തിലാകും പരിശോധന. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ.ബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് സെപ്തംബര്‍ 13, 14 തിയതികളിലാണ് ഇക്കാര്യം പരിശോധിക്കുക. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് ഭരഘടനയുടെ 15, 16 അനുച്ഛേദനങ്ങളില്‍ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് പരിശോധിക്കാനൊരുങ്ങുന്നത്.
ഇതു കൂടാതെ, സിഖ് സമുദായത്തെ പഞ്ചാബില്‍ ന്യൂനപക്ഷമായി കണക്കാക്കാന്‍ ആകുമോ എന്ന ചോദ്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. തെരഞ്ഞെടുക്ക് കമ്മീഷന് നിയമന രീതി മാറ്റണമോ, സുപ്രിംകോടതിക്കും ഹൈക്കോടതിക്കും ഇടയില്‍ അപ്പീല്‍ കോടതി വേണോ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നുണ്ട്. ഇത്തരം ഹരജികൾ ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ഉടൻ തന്നെ തീരുമാനങ്ങൾ പ്രഖ്യാപിക്കണമെന്നും അതിനു വേണ്ടിയാണ് വിശദമായ വാദം കേൾകുന്നതെന്നും ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു.