നേതാക്കളെ വിമർശിച്ച കോൺഗ്രസ് ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിരിച്ചുവിട്ടു. ചേലക്കര മണ്ഡലത്തിലെ കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പാണ് പിരിച്ചു വിട്ടത്. കോൺഗ്രസ് നേതാക്കൾക്കെതിരെ ഗ്രൂപ്പിൽ വിമർശനങ്ങൾ പതിവായതോടെയാണ് ഐഎൻസി ചേലക്കര എന്ന വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചു വിട്ടത്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചേലക്കാരയാണ് ഗ്രൂപ്പിൽ നിന്നും പ്രവർത്തകരെ ഒഴിവാക്കിയത്. ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് ജില്ലാ വൈസ് പ്രസിഡന്റിന്റെ നടപടി. നേതാക്കൾക്കെതിരെ പ്രവർത്തകർ അഴിമതി, സഹകരണ ബാങ്കുകളിൽ പണം വാങ്ങി നിയമനം നടത്തൽ, യൂത്ത് കോൺഗ്രസ്-കെഎസ്.യു പ്രവർത്തകരോടുള്ള അവഗണന എന്നിവ തുടർച്ചയായി ആരോപിച്ചിരുന്നു. ഇതാണ് ഗ്രൂപ്പ് പിരിച്ചുവിടാനുള്ള പ്രധാനകാരണമായി അണികൾ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രസീത് ഡിസിസി എത്തിക്കുന്നതിനു മുൻപ് ചേലക്കരയിലെ നേതാക്കൾ പിരിച്ചതിലും പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു.