ബെംഗളൂരു: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുന്ന പന്തലുകളിൽ വിനായക ദാമോദർ സവർക്കറുടെ ഛായാചിത്രങ്ങളും സ്ഥാപിക്കുമെന്ന് ബെംഗളൂരു മഹാനഗര ഗണേശോത്സവ സമിതി. വിവിധ ഗണേശ ചതുർത്ഥി അസോസിയേഷനുകളുടെ കോൺഫെഡറേഷനാണ് ബെംഗളൂരു മഹാനഗര ഗണേശോത്സവ സമിതി. സമിതി അംഗമായ പ്രകാശ് രാജ് തിങ്കളാഴ്ച ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഗണേശോത്സവവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യണമെന്ന് ബർഹത്ത് ബെംഗളൂരു മഹാനഗര പാലികയോട് അഭ്യർത്ഥിച്ചിരുന്നു.
സെപ്റ്റംബർ 2, 3, 4 തീയതികളിലും 9, 10, 11 തീയതികളിലും ഘോഷയാത്രകൾ നടക്കുമെന്ന് സമിതി അംഗം പ്രകാശ് രാജു പറഞ്ഞു. ആഘോഷവേളയിൽ കാര്യക്ഷമമായ ട്രാഫിക്കും തെരുവ് വിളക്കുകളുടെ പരിപാലനവും ഉൾപ്പെടെ ഉചിതമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് സമിതി ബിബിഎംപിയോട് അഭ്യർത്ഥിച്ചു. ഹെബ്ബാൾ, സങ്കി, അൾസൂർ, യെഡിയൂർ തുടങ്ങിയ തടാകങ്ങളിൽ വിഗ്രഹ നിമജ്ജനത്തിനായി ക്രെയിനുകൾ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഗണേശോത്സവത്തോടനുബന്ധിച്ച് ആഗസ്റ്റ് 31ന് ബെംഗളൂരുവിൽ മാംസ, കശാപ്പ് നിരോധിച്ചത് വിവാദമായിരുന്നു.