ഓണക്കിറ്റ് വാങ്ങുന്നവർ പട്ടികളാണെന്ന് ആവർത്തിച്ച് ട്വന്റി 20. ഓണത്തിന് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണ കിറ്റ് വാങ്ങുന്നവരെയാണ് ട്വന്റി 20 നേതൃത്വം, ട്വന്റി 20 കിഴക്കമ്പലം എന്ന ഫേസ്ബുക് പേജിലൂടെ പട്ടികളോട് ഉപമിച്ചത്. നേരത്തെ ഓണകിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിച്ച ട്വന്റി 20 യുടെ പരാമർശം വിവാദമായിരുന്നു. ഈ പരാമർശം പിൻവലിച്ച് ട്വന്റി 20 മാപ്പ് പറയണമെന്ന വാദം ശക്തമാകുന്നതിനിടയിലാണ് വീണ്ടും അതെ പ്രസ്താവന ട്വന്റി 20 ആവർത്തിച്ചത്. കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബാണ് ട്വന്റി 20 ചീഫ് കോഡിനേറ്റർ.
പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാൻ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. പട്ടിക്ക് അറിയില്ല. അത് സ്വന്തം വാലാണെന്ന്, ഓണകിറ്റ്. എന്നാണ് ട്വന്റി 20 ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്. കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജൻ അടക്കമുള്ളവർ പ്രസ്താവനക്കെതിരെ രംഗത്തുവന്നു.
നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് നമ്മുടെ സർക്കാർ നൽകുന്ന ഓണകിറ്റിനെ വിമർശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാർട്ടി അവരുടെ ഒഫീഷ്യൽ പേജിൽ ഇട്ടിരിക്കുന്ന പോസ്റ്റ് വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നു എന്ന് പി വി ശ്രീനിജൻ എംഎൽഎ വിമർശിച്ചു. ഇതാണ് മുതലാളി പാർട്ടിയുടെ ജനാധിപത്യബോധമെന്നും വിമർശിക്കാം പക്ഷെ ഇത്രയും തരം താഴരുതെന്നും എംഎൽഎ പറഞ്ഞു.