അഞ്ചുവർഷം കൊണ്ട് ഇടതുപക്ഷ സർക്കാർ ദേവസ്വം ബോർഡുകൾക്ക് നൽകിയത് 449 കൂടിയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കാൻ ശ്രമിക്കുവെന്ന് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞിരുന്നു. ഈ പരാമാർശത്തിനെതിരെയാണ് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചത്. ഇന്ദു മൽഹോത്രയുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിധാരണയിൽ നിന്നും ഉടലെടുത്തതുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോ എൽഡിഎഫ് സർക്കാരോ ഒരു ഹിന്ദു ക്ഷേത്രം പോലും കയ്യടക്കിയിട്ടില്ല. എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
ഹിന്ദു വിഭാഗത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്രജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും, ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുട കാലത്താണ്. ക്ഷേത്ര വരുമാനം സർക്കാരുകൾ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തിൽ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷെ സ്വാധീനിച്ചിട്ടുണ്ടാവാം എന്നും മന്ത്രി പറഞ്ഞു.
ഒരു ക്ഷേത്ര വരുമാനവും സർക്കാർ ഇതുവരെ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ നൽകുന്നു. പ്രളയവും കൊവിഡും ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്കും ജീവനക്കാർക്ക് ശമ്പളം നൽകാനും സർക്കാർ ബജറ്റ് വിഹിതമായും അല്ലാതെയും 2018 മുതൽ 2022 വരെ 449 കോടി രൂപയാണ് അനുവദിച്ചത്. ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള വികസന പദ്ധതികൾക്കും സുഗമമായ തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ തെറ്റിധാരണ സൃഷ്ടിച്ച് ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.