കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ജമ്മുകാശ്മീർ മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഗുലാം നബി ആസാദിനെ പിന്തുണച്ചാണ് രാജി. ഗുലാം ഹൈദർ മാലിക്കിന് പുറമെ മുൻ എംഎൽസിമാരായ സുബാഷ് ഗുപ്തയും ഷാം ലാൽ ഭഗത്തുമാണ് രാജിവെച്ചത്.
രാജിക്കത്ത് ഇവർ ഹൈക്കമാന്റിന് കൈമാറി. രാജിവെച്ച കോൺഗ്രസ് നേതാക്കളായ മാലിക്, ഗുപ്ത, ഭഗത് എന്നിവരിൽ നിന്ന് പിന്തുണ ലഭിച്ചതായി ഗുലാം നബി അസദിന്റെ അടുത്ത അനുയായിയും മുൻ ജമ്മുകശ്മീർ മന്ത്രിയുമായ ജി എം സറൂരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗുലാം നബി അസദിന് പിന്തുണ പ്രഖ്യാപിച്ച് സറൂരിയും മറ്റു നാല് കോൺഗ്രസ് നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവെച്ചത്. രാജിവെച്ച അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവർ ജമ്മുകശ്മീരിലെ മുൻ എംഎൽഎമാരാണ്.
ഇവർക്കു പുറമെ നൂറുകണക്കിന് തദ്ദേശ സ്വയംഭരണ സ്ഥാപന സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആസാദിനെ പിന്തുണച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. അതേസമയം ജമ്മുകശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹൽ ലാൽ ശർമ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരും ഡൽഹിയിൽ വെച്ച് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി.
പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ഗുലാം നബി ആസാദ് കൂടുതൽ കോൺഗ്രസ് നേതാക്കളോട് പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ആഹ്വാനം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളുടെ രാജിയുണ്ടാകുമെന്നാണ് സൂചന.