കണ്ണൂർ: മട്ടന്നൂരിൽ വഖഫ് സ്വത്തുക്കൾ മറയാക്കി കോടികളുടെ വെട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, എം സി കുഞ്ഞമ്മദ്, യു മഹറൂഫ് എന്നിവർക്കെതിരെയാണ് കേസ്. മട്ടന്നൂർ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിന്റെയും പള്ളി നവീകരണത്തിന്റെയും മറവിലാണ് തട്ടിപ്പ്. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. വഖഫ് ബോർഡിൻ്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണമുയർന്നത്. മൂന്നു കോടിയോളം രൂപ ചെലവുവരുന്ന നിർമാണപ്രവൃത്തിക്ക് പത്തുകോടിയോളം രൂപയുടെ കണക്കുണ്ടാക്കിയതായാണ് പരാതി.
വഖഫ് ബോർഡിൻ്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അറ്റകുറ്റപ്പണിയാണ് നടത്തിയതെന്നായിരുന്നു മറുപടി.നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് 8.80 ലക്ഷം രൂപയും പുതിയ കെട്ടിടം നിർമിച്ചതിന് 9.78 കോടി രൂപയും ചെലവഴിച്ചതായാണ് കണക്കുണ്ടാക്കിയത്. പല സാധനങ്ങൾ വാങ്ങിയതിനും ബിൽ ചേർത്തിട്ടില്ലെന്നും കണക്കിൽ കാണിച്ച പല നിർമാണപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്സിൽ മുറികൾക്കായി വാങ്ങിയ പണവും കൈക്കലാക്കി. ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനായി അഞ്ചു കോടി രൂപ കടം വാങ്ങാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. ലേലംചെയ്ത് കിട്ടുന്ന തുകയിൽനിന്ന് അഞ്ചു കോടി കഴിച്ച് ബാക്കി വന്ന തുക വീതം വച്ചെടുക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. വഞ്ചനാക്കുറ്റം, വ്യാജ രേഖ ചമക്കൽ തുടങ്ങി നാലു വകുപ്പുകൾ പ്രകാരം മട്ടന്നൂർ പൊലീസാണ് കേസെടുത്തത്.
മട്ടന്നൂർ ജുമാമസ്ജിദ് നിർമ്മാണത്തിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പാണ്. മുസ്ലീംലീഗ് ,കോൺഗ്രസ്സ് നേതാക്കളാണ് തട്ടിപ്പ് നടത്തിയതെന്നും വിശ്വാസികളെയാണ് അവർ വഞ്ചിച്ചതെന്നും ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് കോടികളുടെ തട്ടിപ്പാണെന്നും, തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വഖഫ് തട്ടിപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു.