ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ആരെയും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും നല്ലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാകണമെന്നും ഗഡ്കരി പറഞ്ഞു. നാഗ്പൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ്, സാമൂഹിക പ്രവർത്തനം, രാഷ്ട്രീയം എന്നിങ്ങനെ ഏത് മേഖലയിൽപ്പെട്ട ഏതൊരാൾക്കും ഏറ്റവും വലിയ ശക്തിയായി മാറുന്നത് മനുഷ്യബന്ധങ്ങളാണ്. ഒരാളുടെ കൈപിടിച്ചാൽ നല്ലകാലമോ മോശം കാലമോ എന്ന് നോക്കാതെ എപ്പോഴും ആ കൈ മുറുകെ പിടിക്കണമെന്നും ഗഡ്കരി പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് നിതിൻ ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് നിതിൻ ഗഡ്കരിയുടെ പ്രതികരണം. ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കിയതോടെ നരേന്ദ്ര മോഡി സർക്കാരിനെതിരെയും നിതിൻ ഗഡ്കരി രംഗത്തുവന്നിരുന്നു. സർക്കാർ ശരിയായ സമയത്ത് തീരുമാനമെടുക്കാത്തതുകൊണ്ടാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് നിതിൻ ഗഡ്കരി ആരോപിച്ചു.