ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയിന്മേൽ ഗവർണർ രമേഷ് ബൈസാണ് തീരുമാനം എടുക്കുക. ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന കാര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഗവർണർ തീരുമാനം എടുത്തിരുന്നില്ല. ഭരണപക്ഷ എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപിക്ക് സമയം നൽകാനാണ് ഗവർണർ തീരുമാനം വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
എന്നാൽ താൻ എയിംസിൽ ചികിത്സയിലായിരുന്നെന്നും ശുപാർശ പഠിക്കാൻ സമയം വേണമെന്നും ഗവർണർ പ്രതികരിച്ചു. അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ യുപിഎ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ജാർഖണ്ഡിൽ ഓപ്പറേഷൻ താമര നടപ്പിലാക്കുന്നതിനാലാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നതെന്ന് ഹേമന്ത് സോറൻ പ്രതികരിച്ചു.
ഹേമന്ത് സോറനെ ഗവർണർ അയോഗ്യനാക്കുംമുമ്പ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ ഭരണഘടനാ സ്ഥാപനങ്ങളെ വിലയ്ക്കുവാങ്ങുന്നവർക്ക് സാധാരണക്കാരന്റെ പിന്തുണ വിലയ്ക്കുവാങ്ങാനാകില്ലെന്ന് ഹേമന്ദ് സോറൻ പ്രതികരിച്ചു.