രാജിവെച്ച മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മുകാശ്മീരിൽ മഹാറാലി പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിൽ സെപ്റ്റംബർ അഞ്ചുനാണ് റാലി നടക്കുക. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ച ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മഹാറാലിയിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
ഗുലാം നബി അസദിന് പിന്തുണ പ്രഖ്യാപിച്ച് മുൻ മന്ത്രിയും എംഎൽഎമാരുമടക്കം അഞ്ച് കോൺഗ്രസ് നേതാക്കൾ കൂടി കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. മുൻ മന്ത്രി ജിഎം സരുരി, മുൻ എംഎൽഎമാരായ അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് രാജിവെച്ചത്. ജമ്മുകശ്മീരിലെ കോൺഗ്രസ് നേതാക്കളായിരുന്ന ഇവർ ഗുലാം നബി ആസാദിൻ്റെ അടുത്ത അനുയായികളാണ്.
വരും ദിവസങ്ങളിൽ ഗുലാം നബിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ കോൺഗ്രസിൽനിന്ന് രാജിവെക്കുമെന്ന് മുൻ മന്ത്രി ജി എം സരുരി പറഞ്ഞിരുന്നു. അടുത്ത ആഴ്ച്ച ഗുലാംനബിയെ അനൂകൂലിക്കുന്നവർ ഒത്തു ചേരും. പുതിയ പാർട്ടി പ്രഖ്യാപനത്തിൽ തീരുമാനം ഗുലാം നബിയുടെതാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഗുലാം നബി ആസാദിനെ പിന്തുണച്ച് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ മനീഷ് തിവാരി ഇന്ന് രംഗത്തെത്തി. വാർഡ് തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിനെ ജയിപ്പിക്കാൻ കഴിയാത്തവരാണ് ഗുലാം നബിയെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഫിഷറീസ് മന്ത്രിയായിരുന്ന ഡൊമിനിക് പ്രെസെന്റേഷനും ഗുലാം നബി ആസാദിനെ പിന്തുണച്ചിരുന്നു. അതുകൊണ്ടുതന്നെ മഹാറാലിയിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിൽനിന്ന് രാജിവെച്ച് ഗുലാം നബി ആസാദിനൊപ്പം ചേരാനും സാധ്യതയുണ്ട്.