സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് കോൺഗ്രസ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നുണ്ട്. എ ഐ സി സി യുടെ വെരിഫൈഡ് പേജിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചത്.
ദ ടെലഗ്രാഫ് എന്ന പത്രത്തിൽ വന്ന വാർത്ത ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച കോൺഗ്രസ് ദേശീയ നേതൃത്വം, റെയ്ഡും കള്ളത്തെളിവുമുണ്ടാക്കിയാണ് ഏജൻസികളുടെ വ്യാജ അന്വേഷണങ്ങളെന്നും വ്യക്തമാക്കി. കഴിഞ്ഞ പതിമൂന്ന് മാസത്തിനിടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സർക്കാരുകളെ വേട്ടയാടിയ കണക്കാണ് പത്രത്തിലുള്ളത്.
അതേസമയം ദേശീയ നേതൃത്വം കേന്ദ്ര ഏജൻസികൾക്കെതിരെ നിലപാടെടുക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് ദേശീയ ഏജൻസികളെ പിന്തുണയ്ക്കുന്നുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാനത്തെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഇതോടെ വിഷയത്തിൽ വി ഡി സതീശനും കെ സുധാകരനും അടങ്ങുന്ന കേരളത്തിലെ കോൺഗ്രസ് പൂർണ്ണമായും ഒറ്റപെട്ടു.