ദില്ലി: ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ എം എൽ എ മാർക്ക് പണം വാഗ്ദാനം ചെയ്തതെന്ന് ആവർത്തിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒന്നിന് പുറകെ ഒന്നായി സംസ്ഥാന സർക്കാരുകൾ വീഴുന്നു. ഇതിന് പിന്നിൽ ഒരു സീരിയൽ കില്ലർ ഉണ്ടെന്ന് കെജ്രിവാൾ ആരോപിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിനെ ബിജെപി അട്ടിമറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 277 എം എൽ എ മാരെ പണം കൊടുത്തു സ്വന്തമാക്കി. ഇതിനായി 800 കോടി ബിജെപിക്ക് എങ്ങിനെ ലഭിച്ചു.? ഉയർന്ന ജി എസ് ടി ഈടാക്കുന്നതിലൂടെ നേടുന്ന പണമാണ് എം എൽ എ മാർക്ക് നൽകുന്നതെന്നും കെജ്രിവാൾ വ്യക്തമാക്കി. ആം ആദ്മി എംഎൽഎമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുൽദീപ് കുമാർ എന്നിവർക്ക് ബിജെപിയിൽ ചേർന്നാൽ 20 കോടിയും മറ്റ് എംഎൽഎമാരെ കൂട്ടിയാൽ 25 കോടിയും നൽകാമെന്ന് ബിജെപി നേതാക്കൾ പറഞ്ഞതായി പാർട്ടി വക്താവ് സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വലിയ വിമർശനവും ബിജെപിക്കെതിരെ ഉയർന്നിരുന്നു.