എഐസിസി വൈസ് പ്രസിഡന്റായി രാഹുൽ ഗാന്ധിയെ നിയമിച്ചതു മുതൽ യുപിഎ സർക്കാരിന്റെയും കോൺഗ്രസ് പാർടിയുടെ തകർച്ച തുടങ്ങിയെന്ന് സോണിയാ ഗാന്ധിയുടെ മുഖത്തു നോക്കിപറയുകയാണ് ഗുലാം നബി ആസാദ്. പരസ്പരം ചർച്ച ചെയ്തും ആശയവിനിമയം നടത്തിയും തീരുമാനങ്ങളെടുത്തിരുന്ന രീതി രാഹുൽ തകർത്തു തരിപ്പണമാക്കിയെന്നാണ് രാജിക്കത്തിലെ ആരോപണം. രാഹുൽ വന്നതോടെ മുതിർന്നവരും പരിചയസമ്പന്നരുമായ നേതാക്കൾ നേതാക്കൾ മൂലയിലായി. അനുഭവജ്ഞാനമില്ലാത്ത കാര്യം സാധിപ്പുകാരുടെ കൈയിലായി, പാർടിയുടെ ഭരണം – ഗുലാം നബി ആസാദ് തുറന്നടിക്കുന്നു.
രണ്ടാം യുപിഎ ഭരണകാലത്ത് സർക്കാർ കൊണ്ടുവന്ന ഓഡിനൻസ് വാർത്താലേഖകരുടെ മുന്നിൽ വെച്ച് കീറിയെറിഞ്ഞ രാഹുൽ ഗാന്ധിയുടെ ബാലിശമായ നടപടിയാണ് സർക്കാരിനെ തകർത്തത് എന്ന ഗുരുതരമായ ആരോപണവും കത്തിലുണ്ട്.
കോൺഗ്രസിന്റെ കോർ ഗ്രൂപ്പിലാണ് ഓർഡിനൻസിന്റെ ആശയം ജന്മമെടുത്തത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് ഏകകണ്ഠമായി ഓർഡിനൻസ് അംഗീകരിക്കുകയും പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. രാഹുലിന്റെ ബാലിശമായ നടപടി പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും അധികാരത്തെ ഇടിച്ചുതാഴ്ത്തും വിധമായി. ഇതു സംബന്ധിച്ച് വലതുപക്ഷ ശക്തികൾ പരത്തിയ ദുസൂചനകളും അപവാദപ്രചരണവും നിറഞ്ഞ പ്രചാരവേലയാണ് 2014ൽ യുപിഎ സർക്കാരിന്റെ പതനത്തിന് വഴിവെച്ചത് എന്ന് കത്തിൽ ആരോപിക്കുന്നു.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി മറി കടക്കാൻ രണ്ടാം യുപിഎ സർക്കാർ കൊണ്ടു വന്ന ഓർഡിനൻസാണ് മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ച് രാഹുൽ ഗാന്ധി വലിച്ചു കീറിയത്. 2013 സെപ്തംബർ 27നായിരുന്നു സംഭവം. കോൺഗ്രസ് വക്താവ് അജയ് മാക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്നാണ് രാഹുൽ ഗാന്ധി ഓർഡിനൻസ് വലിച്ചു കീറിയത്. ഇതോടെ കാബിനറ്റിൽ പ്രധാനമന്ത്രിയെ അനുകൂലിച്ച കോൺഗ്രസ് മന്ത്രിമാർ രാഹുലിന് അനുകൂലമായി ചുവടു മാറ്റി രംഗത്തെത്തി.
പ്രധാനമന്ത്രിയ്ക്കും സർക്കാരിനും മീതെ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയും അധികാരവും ഉറപ്പിക്കാൻ നടത്തിയ നാടകമായിരുന്നു ഇതെന്ന് അന്നു തന്നെ വിമർശനമുയർന്നിരുന്നു. കോൺഗ്രസിലെ സർവശക്തനായ നേതാവായി അവതരിക്കാനുള്ള സന്ദർഭമായി, പ്രതിഛായാ നിർമ്മാതാക്കൾ ഈ അവസരം ഉപയോഗിച്ചു എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അപക്വവും ബാലിശവുമായ രീതികളാണ് രാഹുലിന്റേത് എന്ന വിമർശനം ഒരു പൊതുബോധമായി രൂപപ്പെട്ടത് ഈ സംഭവത്തോടെയായിരുന്നു. വർഷങ്ങൾക്കു ശേഷം, ഇതേ സംഭവം തന്റെ രാജിക്കത്തിൽ എടുത്തു പറഞ്ഞുകൊണ്ട് രാഹുലിനെയും സോണിയയെയും വീണ്ടും പ്രതിരോധത്തിലാക്കുകയാണ് ഗുലാം നബി ആസാദ്.