ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ചതിനുപിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു കൊണ്ടാണ് അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അറിയിച്ചത്. ‘‘ഞാൻ ജമ്മു കശ്മീരിലേക്കു പോകും. സംസ്ഥാനത്ത് എൻ്റെ സ്വന്തം പാർട്ടിയുണ്ടാക്കും. പിന്നീട് അതിൻ്റെ ദേശീയ സാധ്യതകളെക്കുറിച്ച് പരിശോധിക്കും’’ ആസാദ് പറഞ്ഞു. ഈ വർഷം അവസാനത്തേക്ക് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കും. മേഖലയിൽ തൻ്റെ സാനിധ്യം ഉറപ്പിക്കുകയാണ് ആസാദിൻ്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.
ഇന്ന് രാവിലെയാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. രാജിവച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപക്വതയാണ് പാർട്ടിയെ തകർത്തെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ച ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്ക് നൽകിയ രാജികത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിറിക്കുന്നത്. 2013ൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതു മുതലാണ് പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നത്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു പോലും വലിയ റോളില്ലാതെയായി. രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നത്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കാൻ കാരണം രാഹുൽ ഗാന്ധിയുടെ കുട്ടികളിയാണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.