രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധിക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപക്വതയാണ് പാർട്ടിയെ തകർത്തെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ച ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്ക് നൽകിയ രാജികത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുള്ളത്.
2013ൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതു മുതലാണ് പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നത്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു പോലും വലിയ റോളില്ലാതെയായി. രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നത്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കാൻ കാരണം രാഹുൽ ഗാന്ധിയുടെ കുട്ടികളിയാണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
കോൺഗ്രസിൻ്റെ ദേശീയ മുഖമായിരുന്ന ഗുലാം നബി ആസാദ് ഇന്ന് രാവിലെയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗമായിരുന്ന ജി-23 നേതാക്കളിൽ പ്രമുഖനായിരുന്ന ഗുലാം നബി ആസാദ് കുറച്ചു കാലങ്ങളായി ഔദ്യോഗിക നേതൃത്വവുമായി അകൽച്ചയിലായിരുന്നു.
മൻമോഹൻ സിങ് മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിൻ്റെ ഏഴാമത്തെ മുഖ്യമന്ത്രിയായിരുന്നു. രാജ്യസഭയിലെ കോൺഗ്രസ് പാർട്ടി നേതാവായിരുന്നു. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.