സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച കേരള റബർ ലിമിറ്റഡ് മൂന്ന് വർഷത്തിനകം പ്രവർത്തനമാരംഭിക്കും. കേരള റബർ ലിമിറ്റഡിൻ്റെ വെല്ലൂരിലെ വ്യവസായ എസ്റ്റേറ്റാണ് മൂന്നു വർഷത്തിനുള്ളിൽ പ്രവർത്തന ആരംഭിക്കുക. 253.58 കോടി മുതൽമുടക്കുള്ള പദ്ധതിയിലൂടെ 8000 പേർക്ക് തൊഴിൽ ലഭിക്കും. പദ്ധതി, രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മേയിൽ തുടക്കം കുറിക്കും. 164.86 ഏക്കറാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്.
പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൊതുമേഖലയിൽ രണ്ടു പുതിയ കമ്പനിക്ക് രൂപം നൽകിയതിൽ ഒന്നാണ് കേരള റബർ ലിമിറ്റഡ്. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനിടയിലാണ് കേരളം ബദൽ തീർക്കുന്നത്.
സർക്കാർ, സ്വകാര്യ നിക്ഷേപക പങ്കാളിത്തത്തോടെയാണ് കമ്പനി യാഥാർഥ്യമാകുന്നത്. റബർ അധിഷ്ഠിത വ്യവസായ പാർക്കാണ് വെള്ളൂരിൽ സ്ഥാപിക്കുക. റബർ ഉൽപ്പന്ന പ്രദർശന കേന്ദ്രം, ടയർ ടെസ്റ്റിങ് സെന്റർ, സ്റ്റെറിലൈസറിങ് സെന്റർ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം തുടങ്ങിയവയാണ് പാർക്കിൽ വിഭാവനം ചെയ്യുന്നത്. പൊതുസൗകര്യങ്ങൾ കമ്പനി ഒരുക്കും.
സംസ്ഥാനത്തെ റബർ കർഷകർക്കാണ് വ്യവസായ പാർക്ക് ഏറെ പ്രയോജനപ്പെടുക. സ്വാഭാവിക റബർ ഉൽപ്പാദനം വർധിപ്പിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കാനും പാർക്കിലൂടെ കഴിയും. അതോടൊപ്പം ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും കഴിയും. അറുപത്തിയഞ്ചോളം യൂണിറ്റുകൾക്ക് സൗകര്യമുള്ള പാർക്ക് രാജ്യത്തെ മുൻനിര എസ്റ്റേറ്റുകളിൽ ഒന്നാകും എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി.