ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിഐടിയു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടതുപക്ഷ സർക്കാരിൻ്റെ ഭരണം തടസപ്പെടുത്താൻ ശ്രമിക്കുന്നു. സർക്കാരിനെതിരെ ഗവർണർ അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. ഇതെല്ലാം ഭരണഘടനാതത്വങ്ങൾക്ക് നിരക്കാത്തതാണ്. ഇത്തരം നടപടികളിൽനിന്ന് ഗവർണർ പിന്തിരിയണമെന്ന് സിഐടിയു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ഗവർണർമാരെ കേന്ദ്രസർക്കാർ ചട്ടുകമാക്കുകയാണ്. ഭരണഘടനയെ ഒട്ടും മാനിക്കാത്ത സംഘപരിവാർ ഇംഗിതത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. ചരിത്രപണ്ഡിതന്മാരായ ഇർഫാൻ ഹബീബ്, കണ്ണൂർ സർവകലാശാലാ വിസി ഗോപിനാഥ് രവീന്ദ്രൻ എന്നിവരെ ഗുണ്ടകൾ എന്നാണ് അദ്ദേഹം വിളിച്ചാക്ഷേപിച്ചത്. ഗവർണർ പദവിക്ക് അപമാനമാണ് ഈ നിലപാടെന്നും സിഐടിയു വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ലോകോത്തര വളർച്ച നേടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അതിനെ അട്ടിമറിക്കുന്നത് സംസ്ഥാനത്തോടുള്ള കടുത്ത അവഹേളനവും കേരളീയ സമൂഹത്തെ പിറകോട്ടടുപ്പിക്കാനുള്ള ശ്രമവുമാണ്. ഹീനമായ ഈ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്തുന്ന ഗവർണറുടെ കുതന്ത്രങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളും തയ്യാറാകണമെന്നും സിഐടിയു അഭ്യർഥിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം റിപ്പോർട്ട് അവതരിപ്പിച്ചു.
ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. കേന്ദ്ര സർക്കാരിനുവേണ്ടി സംസ്ഥാന ഭരണം അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നത് തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ ഗവർണർക്കെതിരെ നിലനിൽക്കുന്നുണ്ട്.