വ്യക്തിനിയമത്തിൽ കൈകടത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളിൽ നിന്ന് ഒരാളേയും തടയാൻ കോടതികൾക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ മുസ്ലിം വ്യക്തിനിയമത്തിൽ അനുവദിക്കപ്പെട്ട തലാഖ് ചൊല്ലാനുള്ള അവകാശവും ഒന്നിലധികം വിവാഹം കഴിക്കാനുളള അവകാശവും തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒന്നിലധികം വിവാഹം കഴിക്കുന്നതും അന്തിമ തലാഖ് ചൊല്ലുന്നതും തടഞ്ഞ കുടുംബ കോടതി വിധിക്കെതിരെ മുസ്ലിം സമുദായത്തിലുള്ള യുവാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇയാൾ കൊട്ടാരക്കര സ്വദേശിയാണ്.
വ്യക്തി നിയമപ്രകാരമുളള അവകാശങ്ങൾ തടയുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശങ്ങളുടെ നിഷേധമാണ്. മുസ്ലിം വ്യക്തിനിയമപ്രകാരം ഒരേസമയം ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെന്നും ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
ഒന്നും രണ്ടും തലാഖ് ചൊല്ലി അന്തിമ തലാഖിന് കാത്തിരിക്കുമ്പോഴാണ് കൊട്ടാരക്കര സ്വദേശിക്കെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുന്നത്. അന്തിമ തലാഖ് ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട ഹർജിക്ക് അനുകൂലമായി കുടുംബ കോടതി വിധി പുറുപ്പെടുവിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ കൊട്ടാരക്കര സ്വദേശി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരമൊരു ഉത്തരവിടാൻ കുടുംബ കോടതിക്ക് അധികാരമില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു. യുവതിയെ തലാഖ് ചൊല്ലിയത് നിയമപ്രകാരമല്ലെങ്കിൽ ബന്ധപ്പെട്ട കോടതിയെ ഉചിതമായസമയത്ത് സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.