എൻഡിടിവി പിടിച്ചെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇല്ലാതാക്കാനെന്ന് മാധ്യമപ്രവർത്തക സംഘടനകളും പ്രതിപക്ഷവും. അദാനി ഗ്രൂപ്പിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് പ്രസ്താവനയിറക്കി. കോർപറേറ്റുകളുടെയും ചില ചാനലുകളുടെയും വക്താക്കളായി രാജ്യത്തെ ദൃശ്യമാധ്യമങ്ങൾ മാറുന്നുവെന്നും എൻഡിടിവിയുടെ ഏറ്റെടുക്കൽ കേന്ദ്രസർക്കാർ താൽപര്യപ്രകാരമാണെന്നും സംഘടന അവകാശപ്പെട്ടു. പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനാണ് നീക്കം. ഭരണകക്ഷിയുടെ ഇടുങ്ങിയ ആശയഗതികൾ അടിച്ചേൽപ്പിക്കപ്പെടും. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന പ്രതീതികൂടി തകർക്കപ്പെടുകയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പൂർണമായും ഇല്ലാതാക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റുചെയ്തു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അവസാന തുരുത്താണ് കോർപറേറ്റുകൾ ഏറ്റെടുക്കുന്നതെന്ന് എസ്പി നേതാവും രാജ്യസഭാംഗവുമായ കപിൽ സിബൽ പറഞ്ഞു.
പ്രമുഖ മാധ്യമസ്ഥാപനമായഎന്ഡിടിവിയുടെ 29 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് ഉടമകളുടെ അനുമതിയില്ലാതെഎന്നാണ് വിവരം. എന്‍ഡിടിവി സ്ഥാപക പ്രൊമോട്ടര്‍മാരായ രാധികയുമായോ പ്രണോയ് റോയിയുമായോ ഒരു ചർച്ചയും കൂടാതെയാണ് പ്രൊമോട്ടർ കമ്പനിവഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതെന്ന് എൻഡിടിവി പ്രതികരിച്ചു.