ചണ്ഡിഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു. കോണ്‍ഗ്രസിൽ തീരുമാനങ്ങൾ വ്യക്തി താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആകുന്നുവെന്ന് ഷർഗിൽ രാജി കത്തിൽ പറയുന്നു. യാഥാർഥ്യം തിരിച്ചറിയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്നും ഷെർഗിൽ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ തീരുമാനങ്ങളും ,യുവാക്കളുടെയും ആധുനിക ഇന്ത്യയുടേയും താത്പര്യങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ രാജിയാണ് ഷര്‍ഗിലിന്റേത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഗുലാം നബി ആസാദും, ഹിമാചല്‍ പ്രദേശ് സ്റ്റിയരിംഗ് കമ്മറ്റിയില്‍ നിന്ന് ആനന്ദ് ശര്‍മ്മയും നേരത്തേ രാജിവച്ചിരുന്നു.
ഈ മാസം കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തീയതികളുടെ കൃത്യമായ ഷെഡ്യൂൾ അംഗീകരിക്കുന്നതിനായി പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന ബോഡിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) ഓഗസ്റ്റ് 28-ന് വെർച്വൽ മീറ്റിംഗ് നടത്താനിരിക്കെയാണ് കോൺഗ്രസിന് അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി സോണിയ ഗാന്ധി ലണ്ടനിലേക്ക് ഇന്ന് രാവിലെ പോയിരുന്നു.