ഇന്ത്യ എന്ന മഹാരാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിയിട്ട് ഏഴു വർഷംപൂർത്തിയായിരിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ 2004 മുതൽ ഒരുപതിറ്റാണ്ട് തുടർച്ചയായി ഭരിച്ച് രാജ്യത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയ യുപിഎ സർക്കാരിൽ നിന്നും മാറ്റം കൊതിച്ച ഒരു ജനതയ്ക്ക് കിട്ടിയതോ എട്ടിന്റെയല്ല, നല്ല 16ന്റെ പണി.
കഴിഞ്ഞ 7 വർഷമായി രാജ്യം അനുഭവിക്കാത്ത ദുരിതങ്ങളില്ല, കഷ്ടപ്പാടുകളില്ല.എല്ലാ അർഥത്തിലും സമ്പൂർണ്ണ പരാജയം.. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനോ കഴിയാത്ത ഏഴുവർഷങ്ങൾക്കാണ് ഇന്ത്യ സാക്ഷിയായത്. 916 രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ ഭരിച്ചിട്ട് പോലും രാജ്യസുരക്ഷയെന്നത് വെറും കോമഡിഷോ മാത്രമായി മാറി.. പട്ടിണിയിലും തൊഴിലില്ലായ്മയിലും സാമ്പത്തിക മാന്ദ്യത്തിലും രാജ്യം നട്ടംതിരിഞ്ഞു. നോട്ട് നിരോധനം പോലുള്ള തുഗ്ളക്ക് പരിഷകാരങ്ങളും സിഎഎ- എൻആർസി പോലത്തെ ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങളും ജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
കർഷകവിരുദ്ധ ബില്ലുകളിറക്കി കർഷകരുടെ ജീവിതത്തെ തകർത്തു. കോവിഡ് 19ന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും ആഞ്ഞടിച്ചപ്പോൾ പ്രതിരോധം തീർക്കുന്നതിൽ അമ്പേ പരാജയമായി ഈ സർക്കാർ. ജനങ്ങൾ പ്രാണവായുകിട്ടാതെ തെരുവിൽ പിടഞ്ഞുവീണ് മരിക്കുന്നു. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ, കോവിഡ് ബാധിച്ച് മരിച്ച 45കാരന്റെ ജഡം നദിയിലേക്ക് വലിച്ചെറിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് മോഡി ഭരണത്തിന് ഏഴാണ്ട് തികയുന്ന സുദിനത്തിലാണ്. ലോകത്തിന് മുന്നിൽ ഇതുപോലെ നാണംകെട്ട് തലകുനിക്കുന്ന സ്ഥിതി രാജ്യത്തിന് ഇതിന് മുമ്പുണ്ടായിട്ടില്ല.