നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം നടന്ന ബോംബേറ് നാടക കേസിൽ നടി പ്രിയങ്കയെ ചോദ്യം ചെയ്തു. അരൂരിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർടി (ഡിഎസ്ജെപി) സ്ഥാനാർഥിയുമായിരുന്നു പ്രിയങ്ക. ചാത്തന്നൂരിലെ എസിപി ഓഫീസിൽ തിങ്കളാഴ്ച മൂന്നു മണിക്കൂറോളം പ്രിയങ്കയെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ചെലവ് നൽകിയത് വിവാദവ്യവസായി ദല്ലാൾ എന്ന നന്ദകുമാറാണെന്ന് പ്രിയങ്ക മൊഴി നൽകി. ഫണ്ട് നൽകിയത് നന്ദകുമാറിന്റെ സഹായി ജയകുമാർ വഴിയാണ്. ജയകുമാർ സ്വന്തം അക്കൗണ്ടിൽനിന്ന് ഗൂഗിൽപേ വഴി ഒന്നര ലക്ഷം രൂപ എസ്ബിഐ വെണ്ണല ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിച്ചു. നാലു ലക്ഷത്തോളം രൂപ നേരിട്ടു തന്നു. തെരഞ്ഞെടുപ്പിൽ ആകെ ഏഴുലക്ഷം രൂപ ചെലവായി എന്നും പ്രിയങ്ക പറഞ്ഞതായാണ് വിവരം. പ്രിയങ്കയെ ചോദ്യം ചെയ്തതോടെ കേസിലെ സുപ്രധാന വിവരങ്ങളെല്ലാം ലഭ്യമായി എന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിൻ്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിന് പിന്നിൽ ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വർഗീസിൻ്റെയും സഹായി ശ്രീകാന്തിനെ യും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാറും അറസ്റ്റിലായി. ഗോവയിൽ നിന്നാണ് ഷിജു വർഗീസിനെയും ശ്രീശാന്തിനെയും കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ചിരുന്ന കാർ ഉൾപ്പെടെ വിനു കുമാറിനെ കോഴിക്കോട്ടുനിന്നും പിടികൂടി.