ചാണകം പൂശിയാൽ കോവിഡ് മാറുമെന്ന് ബിജെപിക്കാർ മാത്രമല്ല കോൺഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് സിപിഐ എം വിപ്പ് കെ കെ ശൈലജ. നെഹ്റുവിന്റെ ശാസ്ത്രീയ മാർഗങ്ങൾ മറന്ന് അന്ധവിശ്വാസങ്ങൾക്ക് പിറകെയാണ് കോൺഗ്രസെന്നും മുൻ ആരോഗ്യമന്ത്രി പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചർച്ചക്ക് തുടക്കം കുറിച്ച് സഭയിൽ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.
മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനമെന്നും, വികസിത രാജ്യങ്ങൾ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടുവെന്നും കെ കെ ശൈലജ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മികച്ചതാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള അനുഭവം നാം ഓർക്കണം. കേരളത്തിലെങ്കിലും ശാസ്ത്രീയ മാർഗങ്ങൾ പിന്തുടരാൻ കോൺഗ്രസുകാൻ തയ്യാറാകണം.
ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തിൽ കണ്ടത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ബഹുജനങ്ങളെ അണിനിരത്തി കോവിഡിനെ നേരിട്ടു. കോവിഡ് എന്ന വിപത്തിനെ നേരിട്ട കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചർച്ച ചെയ്തു. ഗുഡ് ഗവർണേഴ്സിന്റെ തുടർച്ചയാണ് നയപ്രഖ്യാപനമെന്നും കെ കെ ശൈലജ പറഞ്ഞു.