സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.ഭക്ഷ്യ മന്ത്രി ജി ആര് അനില്‍ അധ്യക്ഷനാകും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉദ്ഘാടനം നടക്കും.
14 ഇനമാണ് കിറ്റിലുള്ളത്. ഓഗസ്റ്റ് 23,24 തീയതികളില്‍ (ചൊവ്വാഴ്ചയും ബുധനാഴ്ചയും) മഞ്ഞ കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ (വ്യാഴം,വെള്ളി ,ശനി) പിങ്ക് കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തിയതികളില്‍ നീല കാര്‍ഡ് ഉളളവര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തിയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല. ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ് വാതില്‍പ്പടി സേവനമായി നല്‍കും. എല്ലാ റേഷന്‍ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു.