അങ്ങേർക്കിത് എന്തിന്റെ കുഴപ്പമാണെന്ന അവശിഷ്ട ആർഎസ്പിക്കാരുടെയും റെവലൂഷനറി സോഷ്യലിസ്റ്റ് ആയ ലോക്സഭാ മെമ്പർ പ്രേമചന്ദ്രന്റെയും ചോദ്യം. കയ്യിന്റെയും കാലിന്റെയും വിരൽ എണ്ണിത്തീരുമ്പോഴേക്ക് തീർന്നു പോകാനുള്ള ആൾക്കാരേ ഉള്ളൂ ചവറ മുതൽ ചവറ വരെ നീണ്ടു കിടക്കുന്ന ഈ പാർട്ടിയിൽ ഉള്ളൂ. അതിൽതന്നെ തണ്ടും തടിയും ഉള്ള ഒരാൾ പോയാൽ അവർക്ക് വിഷമമാവില്ലേ. സ്വന്തം പാർട്ടിയിൽ നിന്ന് അവധിയെടുത്ത് കുറച്ചു നാൾ വീട്ടിലിരിക്കമെന്ന ഉഗ്ര ശപഥത്തിലാണ് കരിമണലിന്റെ പൗത്രൻ. പൗത്രൻ എന്ന് പറയാൻ കാരണമുണ്ട്. കരിമണലിന്റെ പുത്രൻ എന്നത് അച്ഛൻ ബേബി ജോണിന് നാട്ടുകാർ കൽപ്പിച്ചു നൽകിയ പേരാണ്. അച്ഛന്റെ പറയത്തക്ക വീര്യവും ഗുണവും ഒന്നും ഇല്ലെങ്കിലും കരിമണലിന്റെ പൗത്രൻ എന്ന് ടിയാനെ നമുക്ക് ഒന്ന് വിളിച്ചു നോക്കാം. പാർട്ടിയിൽ നിന്നും അതുകൊണ്ടു തന്നെ മുന്നണിയിൽ നിന്നും അവധി എടുക്കുന്നതിനെ രാഷ്ട്രീയ വനവാസമെന്നാണ് പൊതുവിൽ പറയുക. അങ്ങനെ രാഷ്ട്രീയ വനവാസത്തിൽ പ്രവേശിക്കാൻ ഷിബുവിന് തക്ക കാരണവുമുണ്ട്.
ചവറയിൽ രണ്ടാം തവണയും അസ്സലായി തോറ്റു. 2016 വിജയൻ പിള്ള തോല്പിച്ചപ്പോൾ 2021ൽ ഷിബു ബേബി ജോണിനെ തോൽപ്പിച്ചത് വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്. അങ്ങനെ അച്ഛനോടും മകനോടും തോറ്റമ്പുക എന്ന അപൂർവ സൗഭാഗ്യമാണ് ഷിബു സാറിനു കൈവന്നത്. യുഡിഎഫ് ജയിക്കുമെന്നും ജയിച്ചാൽ കൊടിവച്ച കാറിൽ ചവറയിലൂടെ ഇരമ്പി പാഞ്ഞു ഒന്ന് അർമാദിക്കാമെന്നും കിനാവ് കണ്ടുപോയി പാവം. പണ്ട് ഒരു എലെക്ഷൻ കാലത്തു അച്ഛനെ വേട്ടയാടാൻ കോൺഗ്രസ്സുകാർ ചവറ സരസന്റെ തിരോധാനം ആയുധമാക്കിയിരുന്നു. സരസനെ കൊന്നത് ബേബി ജോണ് ആണെന്ന് കോൺഗ്രസ് നേതാക്കൾ കേരളം മുഴുവൻ പാടി നടന്നു. എന്നിട്ടും ബേബി ജോണ് സാർ പുട്ടുപോലെ ജയിച്ചു വന്നു. സരസൻ കർണാടക വാസം കഴിഞ്ഞു തിരിച്ചെത്തിയിട്ടും, ബേബി ജോണിനെ കൊലയാളിയായി ചിത്രീകരിച്ച കോൺഗ്രസ്സുകാരും മനോരമ അടക്കമുള്ള മാധ്യമങ്ങളും മാപ്പു പറയാൻ തയ്യാറായില്ല. ആ ബേബി ജോണ് സാർ എവിടെ, രണ്ടു തെരഞ്ഞെടുപ്പ് തൊട്ടപ്പോഴേക്കു വനവാസം ഓപ്റ്റ് ചെയ്ത ഷിബു ബേബി ജോൺ എവിടെ. കലികാലം എന്നല്ലാതെ എന്ത് പറയാൻ.