വയനാട്: മുസ്ലീം ലീഗ് നേതാവ് പി കെ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്ന് വനിതാ ലീഗിനെ ഒഴിവാക്കിയതിനെതിരെ വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ:നൂര്‍ബിന റഷീദ്. പുരസ്കാരത്തിനര്‍ഹനായ പി കെ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററി വേദിയില്‍ പ്രദര്ശിപ്പിച്ചിതിന് ശേഷമായിരുന്നു നൂർബീനയുടെ തുറന്ന വിമര്‍ശനം. മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍,കെ.പി.എ മജീദ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയിവരെ വേദിയിലിരുത്തിയായിരുന്നു നൂര്‍ബിനയുടെ വിമര്‍ശനം. മുസ്ലീം ലീഗ് വയനാട് ഖാഇദെ മില്ലത്ത് പുരസ്കാരദാനച്ചടങ്ങില്‍ ലീഗ് നേതാക്കള്‍ വേദിയിലിരിക്കെ ആയിരുന്നു വിമര്‍ശനം. വി ഡി സതീശനാണ് ചടങ്ങിൽ പുരസ്കാരദാനം നിര്‍വ്വഹിച്ചത്.
ജില്ലയില്‍ വനിതാ ലീഗിൻ്റെ ഉന്നമനത്തിനായി പിന്തുണ നല്കിയ പി കെ അബൂബക്കറിൻ്റെ രാഷ്ട്രീയ ജീവിതം പറയുമ്പോള്‍ തങ്ങളെ ഒഴിവാക്കിയത് ദു:ഖകരമാണ്. ‘പി കെയുടെ കര്‍മ്മ പദത്തിലെ പൊന്‍തൂവലാണ് വനിതാ ലീഗിൻ്റെ നിരീക്ഷകന് എന്നത്. സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുമോ എന്ന് വിചാരിച്ചാണോ വനിതാ ലീഗിനെ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കിയത്? വനിതാ ലീഗിനെ ഒഴിവാക്കിയത് ദു:ഖകരമാണ്. വനിതകളെ ഉള്‍പ്പെടുത്തുന്നതില്‍ ആരെയും പേടിക്കേണ്ടതില്ല’, നൂര്‍ബിന റഷീദ് പറഞ്ഞു.