മലയാള മനോരമയ്ക്കും മാതൃഭൂമിക്കും ആര് എസ് എസിൻ്റെ മാനസികാവസ്ഥയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ഷാജഹാന് വധത്തിലെ പ്രതികളുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച് സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാക്രമങ്ങള്‍ നടത്തുന്നുവെന്ന മനോരമയുടെയും മാതൃഭൂമിയുടെയും റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് സുരേഷ് ബാബുവിൻ്റെ രൂക്ഷ വിമര്‍ശനം. സിപിഎമ്മിൻ്റെ രക്തത്തോട് ആര് എസ് എസിന് എന്നും ദാഹമാണ്. അതേ മാനസികാവസ്ഥയിലാണ് മാതൃഭൂമിയും മനോരമയും വാര്‍ത്ത എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷാജഹാൻ്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസിനേക്കാള്‍ ആവേശത്തോടെ പ്രചാരണം നടത്തിയത് പത്ര ദൃശ്യമാധ്യമങ്ങളാണ്. ഇന്നലെ അറസ്റ്റിലായ പതിനൊന്നാം പ്രതി ജിനേഷിൻ്റെ ബിജെപി ബന്ധം വ്യക്തമായി. എന്നിട്ടും പ്രതികളുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച് സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാക്രമങ്ങള്‍ നടത്തുന്നുവെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. വസ്തുതകള്‍ അറിഞ്ഞിട്ടും ആര്‍എസ്എസിനേക്കാളും സിപിഎമ്മിനെ പ്രതിചേര്‍ക്കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.