ന്യൂഡൽഹി: 75 മണിക്കൂർനീണ്ട ലഖിംപുർഖേരിയിലെ കർഷക മഹാധർണയ്ക്ക് ആവേശോജ്വല സമാപനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മഹാധർണ സംഘടിപ്പിച്ചത്. കർഷക വിരുദ്ധ നയങ്ങളുമായി മോദിസർക്കാർ മുന്നോട്ടുപോയാൽ ചരിത്രത്തിൽ കണ്ടിട്ടില്ലാത്തവിധം പ്രതിരോധം തീർക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് കർഷകരാണ് ധർണയിൽ അണിനിരന്നത്. ലഖിംപുർഖേരിയിൽ നാല് കർഷകരെയും മാധ്യമപ്രവർത്തകനെയും വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയെ ജയിലിലടയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പ്രഖ്യാപിച്ചു. ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻമോർച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനും നിവേദനം നൽകി. അജയ്മിശ്രയെ ജയിലിലടയ്ക്കുക, തടവിലാക്കിയ കർഷകരെ മോചിപ്പിക്കുക, നഷ്ടപരിഹാരം നൽകുക, മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക–- തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്.
സംയുക്ത കിസാൻ മോർച്ച നേതാക്കളായ രാകേഷ് ടിക്കായത്ത്, ദർശൻപാൽ, ജോഗേന്ദർസിങ് ഉഗ്രഹാൻ, പി കൃഷ്ണപ്രസാദ്, മഞ്ജിത്റോയ്, സുരേഷ് ഖോത്ത്, ആശിഷ്മിത്തൽ, തജിന്ദർസിങ് വിർക്ക്, സുമിത്സിങ് തുടങ്ങിയവർ മഹാധർണയിൽ പങ്കെടുത്തു.